കൊച്ചി; പാപ്പാത്തി ചോലയിൽ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സർക്കാർ നടപടിയെ തുടക്കത്തില്‍ പിന്തുണച്ചു വിശ്വാസികളുടെ കടുത്ത പ്രതിഷേധം ഏറ്റുവാങ്ങിയ കത്തോലിക്കാ സഭയെ കുത്തി സ്പിരിറ്റ് ഇന്‍ ജീസസ് സഭാ തലവന്‍ ടോം സഖറിയ രംഗത്ത്. സ്പിരിറ്റ് ഇന്‍ ജീസസ് പുറത്തിറക്കുന്ന “ഇതാ നിന്റെ അമ്മ” എന്ന പേരിലുള്ള മാസികയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ടോം സഖറിയ കുരിശ് നീക്കം ചെയ്തതിനെ അനുകൂലിച്ചവർക്കെതിരെ ആക്രമണം നടത്തിയിട്ടുളളത്.

pappathi chola, spirit in jesus, editorial

ടോം സഖറിയായുടെ മുഖപ്രസംഗം

പാപ്പാത്തി ചോലയില്‍ നീക്കം ചെയ്ത കുരിശു കള്ളന്റെ കുരിശാണെന്നു പറഞ്ഞ ബിഷപ്പുമാരെയും വൈദികരെയും അതിരൂക്ഷമായ ഭാഷയിലാണ് മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നത്. കുരിശ് നീക്കം ചെയ്തതിനെ എതിര്‍ത്ത സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രശംസിക്കുകയും കര്‍ത്താവ് അനുഗ്രഹിക്കുകയും ചെയ്യുമെന്നു പറയുന്നു ടോം സഖറിയ. കുരിശ് നീക്കം ചെയ്തതിനെ അനുകൂലിച്ച വൈദികരും ബിഷപ്പുമാരും മാമ്മോദീസാ സ്വീകരിച്ചതുകൊണ്ടു ക്രിസ്ത്യാനികളായി മാറില്ല. ക്രൈസ്തവര്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കുരിശിനെ തള്ളിപ്പറഞ്ഞ ബിഷപ്പുമാരെയും വൈദികരെയും പുരോഹിതര്‍ എന്നു വിളിക്കാന്‍ പോലും ലജ്ഞ തോന്നുന്നുണ്ടെന്നും കര്‍ത്താവിന്റെ കുരിശിനെ തള്ളിപ്പറഞ്ഞ പുരോഹിതരെ കര്‍ത്താവും തള്ളിപ്പറയുമെന്നും എഡിറ്റോറിയല്‍ പറയുന്നു.

munnar, cross remove debate, eviction

ടോം സഖറിയയുടെ മുഖപ്രസംഗം

കര്‍ത്താവിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് പാപ്പാത്തി ചോലയില്‍ കുരിശു സ്ഥാപിച്ചതെന്നും ഈ കുരിശ് നീക്കം ചെയ്തതിനെ വൈദികരും ബിഷപ്പുമാരും അനുകൂലിച്ചതോടെ ആയിരക്കണക്കിന് മനുഷ്യര്‍ക്കു ഹൃദയവേദനയുണ്ടായെന്നും പറയുന്നു. കുന്നിന്‍ മുകളില്‍ സ്ഥാപിച്ച കുരിശു പൊളിക്കാന്‍ കര്‍ത്താവിന്റെ സമ്മതം ഉണ്ടായിരുന്നുവെന്നും ടോം സഖറിയ എഴുതുന്നു. കുരിശുപൊളിക്കലിനെ ഏതെങ്കിലും രീതിയില്‍ കര്‍ത്താവ് എതിര്‍ത്തിരുന്നുവെങ്കില്‍ കുരിശുപൊളിക്കാന്‍ ഒരിക്കലും റവന്യു ഉദ്യോഗസ്ഥര്‍ക്കു കഴിയില്ലായിരുന്നുവെന്നും ലേഖനം പറയുന്നു. കുരിശുപൊളിക്കാന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കുമെന്നും ഇതു കാത്തിരുന്നു കാണാമെന്നും ടോം സഖറിയ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

കുരിശ് നീക്കം ചെയ്ത നടപടിയെ പിന്തുണച്ച യാക്കോബായ ബിഷപ്പിനെയും ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മെത്രാന് ബൈബളില്‍ പറയുന്ന ഉപമയായ ധനവാന്റെ അവസ്ഥ വരുമെന്നും കുരിശ് നീക്കം ചെയ്തതിനെ പിന്തുണച്ച വിഷയത്തില്‍ യാക്കോബായ സഭ ഭാവിയില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും പറയുന്നുണ്ട്. കത്തോലിക്കാ സഭ എക്കാലവും തന്നെ എതിരാളിയായാണ് കാണുന്നതെന്നും അതുകൊണ്ടു മാത്രമാണ് കുരിശുപൊളിച്ച സംഭവത്തെ കത്തോലിക്കാ മെത്രാന്‍മാരും വൈദികരും തള്ളിപ്പറഞ്ഞതെന്നും പറയുന്ന ടോം സഖറിയ താന്‍ സ്പരിറ്റ് ഇന്‍ ജീസസ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ പേരില്‍ പണമൊന്നും സമ്പാദിച്ചിട്ടില്ലെന്നും അവകാശപ്പെടുന്നു. കുരിശ് നീക്കം ചെയ്യുന്നതിന് മുമ്പ് മലമുകളില്‍ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടെന്നും ഇത് ദൈവത്തിന്റെ അടയാളമാണെന്നും എഡിറ്റോറിയലിൽ എഴുതിപിടിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ