കൊച്ചി: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ തുറന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ഷാപ്പുകൾ പ്രവർത്തിക്കുക. എന്നാൽ ഇരുന്ന് കുടിക്കാൻ സാധിക്കില്ല. കള്ള് വാങ്ങാൻ എത്തുന്നവർ കൈയ്യിൽ കുപ്പി കരുതണം. ഒരാൾക്ക് പരമാവധി 1.5 ലിറ്റർ കള്ളാണ് അനുവദിക്കുക. ഒരു ലിറ്ററിന് 120 രൂപയാണ് വില. അതേസമയം ഷാപ്പിൽ ഭക്ഷണം പാകം ചെയ്യാനോ വിൽക്കാനോ അനുവാദമില്ല.

ഷാപ്പിനുള്ളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുത്. പുറത്ത് കൗണ്ടറുകള്‍ സജ്ജീകരിക്കണം. വില്‍പ്പനയ്ക്ക് മുന്‍പും ശേഷവും ഷാപ്പും പരിസരവും അണുവിമുക്തമാക്കുകയും ജോലിക്കാരുടെ എണ്ണം ക്രമീകരിക്കുകയും ചെയ്യണം. ജോലിക്കാര്‍ നിര്‍ബന്ധമായും കൈയ്യുറയും മാസ്‌കും ധരിക്കണം. വാങ്ങാനെത്തുന്നവരും മാസ്‌ക് ധരിക്കണം.

ക്യൂവില്‍ ഒരു സമയം 5 പേരില്‍ കൂടുതല്‍ ഉണ്ടാകരുത്. പരിസരത്ത് കൂട്ടംകൂടാനോ അവിടെ നിന്ന് കുടിക്കാനോ അനുവാദമില്ല. കള്ളുകൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കോവിഡ് പ്രതിരോധ സുരക്ഷ ഉറപ്പാക്കണം.

Read More: ലോകത്ത് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു

കഴിഞ്ഞവര്‍ഷം 5,500 ഷാപ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തവണ ലോക്ക്ഡൗണിന് മുന്‍പ് നടന്ന ലേലത്തില്‍ നിലവിലെ ലൈസന്‍സുകളില്‍ 66 ശതമാനം മാത്രമാണ് പങ്കെടുത്തത്. പലരും നടപടിക്രമം പൂര്‍ത്തിയാക്കിയിട്ടില്ല. അതിനാല്‍ ഇന്ന് എത്ര ഷാപ്പുകള്‍ തുറക്കുമെന്ന് വ്യക്തമല്ല. തിരക്ക് ഒഴിവാക്കുന്നതിന്‌റെ ഭാഗമായി ലൈസന്‍സ് ഉള്ള ഷാപ്പുകളുടെ വിവരങ്ങള്‍ എക്‌സൈസ് പൊലീസ് വകുപ്പിന് കൈമാറി.

അതേസമയം മദ്യശാലകൾ തുറക്കുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള കരാറിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഇതിന് സോഫ്റ്റവെയർ തയ്യാറാക്കാൻ ബിവറേജസ് കോർപറേഷൻ സ്റ്റാർട്ടപ് മിഷന്റെ സഹായം തേടി. മൊബൈൽ ആപ്പ് വഴിയും എസ്.എം.എസ്. മുഖേനയും മദ്യം ബുക്ക് ചെയ്യാം. മദ്യം വാങ്ങുന്നവരുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാനും തുടർച്ചയായി വാങ്ങുന്നത് നിയന്ത്രിക്കാനും സോഫ്റ്റ്‌വേറിൽ സംവിധാനം ഉണ്ടാകും.

ലോക്ഡൗണിനുശേഷം കൺസ്യൂമർഫെഡ്, ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുമ്പോൾ ഇത്തരത്തിലായിരിക്കും മദ്യവിതരണം. ബിവറേജസ് കോർപറേഷൻ എം.ഡി. തയ്യാറാക്കിയ രൂപരേഖയ്ക്ക് അടുത്ത മന്ത്രിസഭായോഗം അന്തിമ അനുമതി നൽകും. മദ്യഷോപ്പുകൾ തുറക്കുന്നത് സംബന്ധിച്ചും ഇതിൽ തീരുമാനം ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.