തിരുവനന്തപുരം: മേയ് 13 മുതൽ സംസ്ഥാനത്തെ കള്ള്ഷാപ്പുകൾ തുറക്കാൻ അനുമതി. ചെത്തുതൊഴിലാളികൾക്ക് നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ടെന്നും മേയ് 13 മുതൽ കള്ള്ഷാപ്പുകൾ തുറക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മദ്യശാലകൾ ഉടൻ തുറക്കില്ല. മേയ് 17 നു ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കൂ. കോവിഡ് നിയന്ത്രണം തുടരുന്നതിനാലാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകാത്തത്. ഗ്രീൻ സോണുകളിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്ര അനുമതിയുണ്ടെങ്കിലും തൽക്കാലം വേണ്ടന്നുവച്ചിരിക്കുകയാണ് സംസ്ഥാനം.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ മറ്റ് വിവരങ്ങൾ ചുവടെ:

കേരളത്തിന് ഇന്ന് ആശ്വാസം

സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ബാധയില്ല. ചികിത്സയിലുള്ള ഏഴ് പേരുടെ പുതിയ ഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. സംസ്ഥാനത്ത് ആകെ 502 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. കോട്ടയം ജില്ലയിൽ ആറ് പേർക്കും (ഇതിൽ ഒരാൾ ഇടുക്കി സ്വദേശി) പത്തനംതിട്ടയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് ഫലം നെഗറ്റീവ് ആയത്. ഇന്ന് മാത്രം 58 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഉന്നതതലയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Read Also: എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ മേയ് 21നും 29നും ഇടയിൽ

കൂടുതൽ രോഗികൾ കണ്ണൂർ ജില്ലയിൽ

കണ്ണൂർ ജില്ലയിൽ 16 പേർ ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ ഒന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുമായി രണ്ട് വിമാനങ്ങൾ നാളെ എത്തും

ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് നാളെ രണ്ട് വിമാന സർവീസുകളാണ് കേരളത്തിലേക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാന സർവീസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗർഭിണികൾക്ക് ഇളവ്

മടങ്ങിയെത്തുന്ന പ്രവാസികളിൽ ഗർഭിണികളായവർക്ക് ഇളവുണ്ടെന്ന് മുഖ്യമന്ത്രി. വിദേശത്തു നിന്ന് എത്തുന്നവർ സർക്കാർ ക്വാറന്റെെൻ കേന്ദ്രങ്ങളിൽ കഴിയണം. ഗർഭിണികൾക്ക് മാത്രമാണ് ഇതിൽ ഇളവ്. അവർക്ക് നേരെ വീടുകളിലേക്ക് പോകാം. ഗർഭിണികൾ വീടുകളിൽ ക്വാറന്റെെനിൽ കഴിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്ത്, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കാൻ ആലോചന

ലോക്ക്‌ഡൗണ്‍ കാരണം മുടങ്ങി കിടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മേയ് 21 നും 29 നും ഇടയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയും മേയ് 13 മുതൽ ആരംഭിക്കാനാണ് ആലോചന. സ്‌കൂൾ തുറക്കാൻ വെെകിയാലും ജൂൺ ഒന്ന് മുതൽ ‘വിക്‌ടേഴ്‌സ്’ ചാനലിൽ അധ്യയനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.