തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മേയ് 13 മുതൽ തുറക്കുമെങ്കിലും കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരും. കള്ള്‌ഷാപ്പിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ലെന്നാണ് സൂചന. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കിയേക്കും. കള്ള് പാഴ്‌സൽ നൽകും. പാഴ്‌സൽ നല്‍കുന്നതുസംബന്ധിച്ച് എക്സൈസ് ഉത്തരവ് ഇറക്കും.

ഒരാൾക്ക് ഒന്നര ലിറ്റര്‍ കള്ള് കൈവശംവയ്ക്കാന്‍ അനുമതി നല്‍കും. കള്ള്‌ഷാപ്പുകളിൽ ഇരുന്ന് കുടിക്കാൻ അനുമതി നൽകിയാൽ അതുവഴി ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ളതിനാലാണ് ഇങ്ങനെയൊരു നീക്കം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൂടിയാലോചനകൾക്ക് ശേഷം വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Read Also: കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ അറിയാൻ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അതേസമയം, മദ്യശാലകൾ ഉടൻ തുറക്കില്ല. മേയ് 17 നു ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കൂ. കോവിഡ് നിയന്ത്രണം തുടരുന്നതിനാലാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകാത്തത്. ഗ്രീൻ സോണുകളിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്ര അനുമതിയുണ്ടെങ്കിലും തൽക്കാലം വേണ്ടന്നുവച്ചിരിക്കുകയാണ് സംസ്ഥാനം.

കേരളത്തിൽ ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 30

സംസ്ഥാനത്ത് ഇന്നലെ ആർക്കും കോവിഡ് ബാധയില്ല. ചികിത്സയിലുള്ള ഏഴ് പേരുടെ പുതിയ ഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. സംസ്ഥാനത്ത് ആകെ 502 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. കോട്ടയം ജില്ലയിൽ ആറ് പേർക്കും (ഇതിൽ ഒരാൾ ഇടുക്കി സ്വദേശി) പത്തനംതിട്ടയിൽ ഒരാൾക്കുമാണ് ഇന്നലെ കോവിഡ് ഫലം നെഗറ്റീവ് ആയത്. ഇന്നലെ മാത്രം 58 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.

ലോക്ക്‌ഡൗണ്‍ കാരണം മുടങ്ങി കിടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മേയ് 21 നും 29 നും ഇടയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയും മേയ് 13 മുതൽ ആരംഭിക്കാനാണ് ആലോചന. സ്‌കൂൾ തുറക്കാൻ വെെകിയാലും ജൂൺ ഒന്ന് മുതൽ ‘വിക്‌ടേഴ്‌സ്’ ചാനലിൽ അധ്യയനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.