തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ഇന്ന് ഒരുകോടി വൃക്ഷത്തൈ മലയാള മണ്ണ് ഏറ്റുവാങ്ങും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് ഒരു കോടി വൃക്ഷത്തൈകൾ നടുക. പരിസ്ഥിതിദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കനകക്കുന്ന് കൊട്ടാരപരിസരത്ത് വൃക്ഷത്തൈ നട്ട് ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും. വനംമന്ത്രി കെ രാജു അധ്യക്ഷനാകും. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതിദിനാചരണ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തൈകള്‍ നടും.

മഴക്കൊയ്ത്തുത്സവം, ഹരിതം സഹകരണം, നന്മമരം, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും പരിസ്ഥിതിദിനത്തില്‍ നടക്കും. ഹരിത മിഷന്‍റെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വനം, പരിസ്ഥിതി, കൃഷി വകുപ്പുകളാണ് തൈകള്‍ ഒരുക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവ പരിപാടിയില്‍ പങ്കാളികളാവും.

പരിസ്ഥിതി സംരക്ഷണത്തിനായി ഒരു തൈ നട്ട് ചരിത്രത്തിന്‍റെ ഭാഗമാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ഓരോ വിദ്യാര്‍ഥികള്‍ക്കും ഓരോ മരം എന്ന രീതിയില്‍ 47 ലക്ഷത്തോളം തൈകള്‍ വിതരണം ചെയ്യും. അക്കേഷ്യ, യൂക്കാലിപ്സ് തുടങ്ങിയ മരങ്ങള്‍ ഒഴിവാക്കി ഫലവൃക്ഷങ്ങളും ഔഷധ ഇനത്തില്‍ പെടുന്ന മരങ്ങളുമായിരിക്കും വിതരണം ചെയ്യുക. ജനപ്രതിനിധികള്‍ അവരുടെ മണ്ഡലങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ