തിരുവനന്തപുരം: മഹാബലിയെ വരവേൽക്കാൻ അവസാന ഘട്ട ഒരുക്കത്തിലാണ് മലയാളികൾ. ഇന്ന് ഉത്രാടം. നാളെയാണ് ലോകമെന്പാടുമുള്ള മലയാളികൾ തിരുവോണം ആഘോഷിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഓണാഘോഷം.

ഉത്രാട ദിനമായ ഇന്ന് പതിവിലും വിപരീതമായി റോഡുകളിലും മാർക്കറ്റുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുവേണം പുറത്തിറങ്ങാനെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജാഗ്രതയിൽ വീഴ്‌ചയുണ്ടായാൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്. മാർക്കറ്റുകളിലും കടകളിലും ഒരേസമയം നിരവധിപേർ ഒത്തുകൂടുന്നത് ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ എന്നിവയ്‌ക്ക് അതിയായ പ്രാധാന്യം നൽകണം.

Read Also: Horoscope of the Week (August 30- September 05, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

അകലങ്ങളിൽ ആണെങ്കിലും മനസുകൊണ്ട് ഓണം ആഘോഷിക്കാനുള്ള സന്ദേശമാണ് ഈ കോവിഡ് കാലം മലയാളിക്ക് നൽകുന്നത്.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം മുൻകരുതലോടെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃത്യമായ കരുതലോടെ ആവണം ഓണത്തെ വരവേൽക്കുന്നത്. കോവിഡ് വ്യാപനത്തിന് ഇടനൽകുന്ന ഒരു കാര്യവും ആരും ചെയ്യരുതെന്നും സമൂഹസദ്യയും മറ്റു പൊതു പരിപാടികളും ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

“ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവിൽ നിന്ന് ഇത്തവണ വിട്ടുനിൽക്കാൻ എല്ലാവരും തയ്യാറാവണം. റിവേഴ്‌സ് ക്വാറന്റെെനിൽ കഴിയുന്ന പ്രായമായവരെ സന്ദർശിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം. പരിമിതികളുണ്ടെങ്കിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്‌പരം സംസാരിക്കാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

Onam 2020: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം

ഉത്രാട ദിനത്തിലെ തിരക്കൊഴിവാക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിങ്ങിനായി പോകുക. പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്ക് ധരിക്കാനും തയ്യാറാവണം. നേരത്തെ ഓണക്കാലത്ത് കടകളിൽ തിരക്ക് കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന രീതി ചില കടക്കാർ സ്വീകരിക്കാറുണ്ട്. ഇത്തവണ നിയന്ത്രണവിധേയമായി മാത്രമേ ആളുകളെ കടയിൽ കയറ്റാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്. കടകളിലെ സാധ്യതക്ക് അനുസരിച്ചുള്ളവർ മാത്രമേ ഒരു സമയത്ത് കടകളിലുണ്ടാവാൻ പാടുള്ളൂ. പഴയ പോലെ ഷട്ടർ അടച്ചിടാൻ പാടില്ല. അതിലൂടെ വായുസഞ്ചാരം കുറയുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യും,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഓണം ചിത്രങ്ങളുമായി സുരേഷ് ഗോപിയുടെ പെൺമക്കൾ

“ഫോണിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാനും വീട്ടിൽ ഡെലിവറി ചെയ്യാനും കഴിയുന്ന സാഹചര്യമുള്ളവർ ആ സാധ്യത ഉപയോഗിക്കണം. വിളിച്ച് അന്വേഷിക്കാൻ പറ്റുന്ന കടകളിൽ തിരക്ക് കുറവാണോ എന്ന് അന്വേഷിച്ച് ഉറപ്പിച്ച ശേഷം പോവാൻ ശ്രമിക്കുക. കടകളിലെ തിരക്ക് കുറയുമെന്ന ധാരണയോടെയാണ് കടകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്. പണമിടപാടുകൾ ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം. കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയിൽ വേണം. കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ സാനിറ്റൈസ് ചെയ്തെന്ന് ഉറപ്പാക്കണം. കടയിൽ നിന്ന് വീട്ടിലെത്തിയാൽ ഉടൻ ദേഹം ശുചിയാക്കി വേണം അകത്തേക്ക് കയറാൻ. ” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.