ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് ടി.എൻ.പ്രതാപന്റെയും വി.ഡി.സതീശന്റെയും കത്ത്. പട്ടികയിൽ തന്നെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം മനസിലാക്കുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും, എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ കെപിസിസി ഭാരവാഹിയായി പരിഗണിക്കേണ്ടതില്ലെന്നും ജംബോ കമ്മിറ്റി ഒഴിവാക്കി പകരം സംഘടനാ കാര്യപ്രാപ്തിയുള്ള നേതാക്കളെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടി.എൻ.പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടു.

ജംബോ കമ്മിറ്റി പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യമാക്കുമെന്നാണ് വി.ഡി.സതീശന്‍ എംഎല്‍എയുടെ അഭിപ്രായം. അതിനാല്‍ തന്നെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ നേതൃപരമായി കഴിവും പ്രാപ്തിയും മുൻപരിചയവുമുള്ള ആളുകളെയാണ് കെപിസിസി ഭാരവാഹികളായി പരിഗണിക്കേണ്ടത്. ഇതിൽ മറ്റു താൽപര്യങ്ങൾ ഒന്നും പരിഗണിക്കപ്പെടരുതെന്ന് പ്രതാപൻ കത്തിൽ വ്യക്തമാക്കുന്നു. മൂന്ന് വർഷക്കാലം ഡിസിസി പ്രസിഡന്റായിരുന്നപ്പോഴും അതിനുമുൻപ് ഏഴ് വർഷം കെപിസിസി സെക്രട്ടറി ആയിരുന്നപ്പോഴും പാർട്ടി നൽകിയ പ്രോത്സാഹനങ്ങളും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നതായും പ്രതാപൻ കത്തിൽ പറയുന്നു.

Read More: ആരുമായും ചർച്ചയ്ക്ക് തയാർ, അഭിപ്രായ ഭിന്നതകൾ സ്വാഭാവികമെന്ന് ഗവർണർ

പട്ടികയിൽ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ടി.എൻ.പ്രതാപനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ടി.സിദ്ധിഖുൾപ്പടെ ആറു വർക്കിങ് പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്നതാണ് പട്ടിക. നിലവിലുള്ള വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷിനും കെ.സുധാകരനും പുറമെ കെ.വി.തോമസ്, വി.ഡി.സതീശൻ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ് എന്നിവർ കൂടി വർക്കിങ് പ്രസിഡന്റുമാരാകും. ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഇരട്ടപ്പദവി ഇല്ലാതാക്കാനുമുള്ള നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു.

അതേസമയം, കെപിസിസി ഭാരവാഹി പട്ടികയിൽ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിൽ ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരളം പോലെ ചെറിയൊരു സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിങ് പ്രസിഡന്റുമാരെന്ന് ചോദിച്ച ഹൈക്കമാൻഡ് ഇതുവരെ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല. ജംബോ പട്ടികയ്‌ക്കെതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ നീക്കം. വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കുറയ്ക്കാൻ പറ്റുമോയെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.