തിരുവനന്തപുരം: പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്ന ജനപ്രതിനിധികളെ സംഘാടകര്‍ ബൊക്കയും ഷാളുകളും നല്‍കി സ്വീകരിക്കുന്നത് കാലങ്ങളായുള്ള ചടങ്ങ് പോലെയാണ്. വലിയ ആഘോഷമായാണ് ഇത്തരം പരിപാടികള്‍ നടക്കാറുള്ളത്. ചിലപ്പോള്‍ വലിയ രീതിയില്‍ ഇതിനൊക്കെ പണച്ചെലവ് വരാറുമുണ്ട്. എന്നാല്‍, ഈ ബൊക്കയും ഷാളുകളും പിന്നീട് യാതൊരു തരത്തിലുള്ള നല്ല കാര്യങ്ങള്‍ക്കും പ്രയോജനപ്പെടാറില്ല. ഈ രീതിയില്‍ നിന്ന് മാറി വിശാലമായി ചിന്തിക്കണമെന്ന അഭ്യര്‍ഥന നടത്തുകയാണ് കേരളത്തിലെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി ടി.എന്‍.പ്രതാപന്‍.

Read Also: തൃശൂര് കൊടുക്കില്ലെന്ന് പ്രതാപന്‍

പൊതുചടങ്ങുകളില്‍ ബൊക്കയും ഷാളും മൊമെന്റോകളും വേണ്ട എന്നാണ് ടി.എന്‍.പ്രതാപന്‍ പറയുന്നത്. അതിനു പകരം പുസ്തകങ്ങള്‍ തന്നാല്‍ മതിയെന്നും എംപി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പൊതു – സ്വകാര്യ ചടങ്ങുകളില്‍ മൊമെന്റോകളും ബൊക്കയും പൂച്ചെണ്ടുകളും ഷാളുകളും സ്വീകരിക്കില്ലെന്നും പകരം പുസ്തകങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ടി.എന്‍.പ്രതാപന്‍ എംപി അറിയിച്ചു.

ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങളും പൂക്കള്‍ കൊണ്ട് അലങ്കരിച്ച ബൊക്കകളും ഷാളുകളും നൈമിഷകമാണെന്നും പകരം പുസ്തകങ്ങള്‍ ലഭിച്ചാല്‍ തലമുറകള്‍ക്ക് പ്രയോജനകരമാവുമെന്നും ടി.എന്‍.പ്രതാപന്‍ അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ച് വര്‍ഷക്കാലം എംപിയെന്ന നിലയില്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് ലഭിക്കുന്ന പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തി തന്റെ ജന്മനഗരമായ തളിക്കുളം സ്‌നേഹതീരത്ത് സ്ഥാപിച്ചിട്ടുള്ള പ്രിയദര്‍ശിനി സ്മാരക സമിതിയില്‍ പൊതു സമൂഹത്തിനായി വായനശാല ഒരുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും ടി.എന്‍.പ്രതാപന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read Also: സുരേഷ് ഗോപി തൃശൂര് അവിടെ തന്നെ വച്ചിട്ടുണ്ട്

ടി.എന്‍.പ്രതാപന്‍ മുന്നോട്ടുവച്ച ആശയത്തെ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പ്രശംസിച്ചു. ഇതൊരു മികച്ച തുടക്കമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ശശി തരൂര്‍ എംപിയും ഇതിനോട് പ്രതികരിച്ചു.

ടി.എന്‍.പ്രതാപന്‍ മുന്നോട്ടുവച്ച ആശയം വളരെ മികച്ചതാണെന്നും എംപിയായ ആദ്യ വര്‍ഷം തന്നെ താന്‍ ഇത്തരം ഒരു ആശയം മുന്നോട്ടുവച്ചിരുന്നു എന്നും ശശി തരൂര്‍ പറയുന്നു. എന്നാല്‍, അന്ന് ഈ ആശയത്തെ ആരും പിന്തുണച്ചില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.