scorecardresearch
Latest News

കടലിൽ നിന്നും ജോസ് തിരിച്ചെത്തി, കടങ്ങളുടെ കയത്തിലേക്ക്

പാതി ജീവനുമായി കടലിൽ കിടക്കുമ്പോൾ ജീവിതത്തിന്റെ അനിശ്ചിതത്വമായിരുന്നു ജോസിനെ അലട്ടിയത്. കടമെടുത്തു വാങ്ങിയ വഞ്ചികളും, പങ്കായങ്ങളും, വലകളും കടൽ കൊണ്ട് പോയി. ഒരു തരത്തിൽ ജീവിതം തന്നെ കടലെടുത്തു.

കൊച്ചി: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചു കടന്നു പോയെങ്കിലും കടലിന്റെ മക്കളുടെ തീരാ ദുഃഖത്തിനു അറുതിയില്ല. ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും, ഓഖി ചുഴലിക്കാറ്റ് ജീവിതം തകർത്തെറിഞ്ഞ ജോസിന്റെ കഥ ഉദാഹരണം.

പാതി ജീവനുമായി കടലിൽ കിടക്കുമ്പോൾ ജീവിതത്തിന്റെ അനിശ്ചിത്വമായിരുന്നു ജോസിനെ അലട്ടിയത്. കടമെടുത്തു വാങ്ങിയ വഞ്ചികളും, പങ്കായങ്ങളും, വലകളും കടൽ കൊണ്ട് പോയി. ഒരു തരത്തിൽ ജീവിതം തന്നെ കടലെടുത്തു. ഇനിയെങ്ങനെ ജീവിക്കും… ഭാരിച്ച കടങ്ങൾ എങ്ങിനെ വീട്ടും… കുടുംബം എങ്ങിനെ പുലർത്തും… ഓഖി ചുഴലിക്കാറ്റിൽ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയ ജോസിനെ ഇപ്പോൾ തുറിച്ചു നോക്കുന്നത് കടബാധ്യതകളുടെയും, ജീവിത ഭാരത്തിന്റെയും മറ്റൊരു ചുഴലി ആണ്.

ആറു ദിവസം മരണം മുന്നിൽ കണ്ടു ആഴക്കടലിൽ കഴിഞ്ഞു. കടലിന്റെ ഭീകരതെയും അറ്റമില്ലാത്ത പരപ്പിനെയും നിസ്സഹായനായി നോക്കി ഒരു കയറിൽ പരസ്പരം കൂട്ടിക്കെട്ടി താനും മറ്റു പതിനൊന്നു പേരും കഴിച്ചു കൂട്ടിയ ദിനം ജോസ് ഓർത്തെടുത്തു. “ജീവനോടെ കരയിലേക്കോ, കരയിലേക്കോ, കുടുംബത്തിന്റെ സ്നേഹത്തിലേക്കോ തിരിച്ചെത്തുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു. എങ്കിലും ജീവിതോപാധിയായ ബോട്ട് കരക്കടുക്കണം.. ഈയൊരാഗ്രഹം മനസ്സിലുണ്ടായിരുന്നു” ജോസ് പറഞ്ഞു.

Read this Story In English : TN fisherman survives Cyclone Ockhi but might drown under burden of debt

നവംബർ 30 നു ആണ് കടലിൽ ലക്ഷ്യമില്ലാതെ അലഞ്ഞ ബോട്ടിൽ ജോസിനെയും സംഘത്തെയും തീര സംരക്ഷണ സേന കണ്ടെത്തുന്നത്. അപ്പോഴേക്കും എല്ലാവരും മൃത പ്രായരായി കഴിഞ്ഞിരുന്നു. ജോസും മറ്റൊരാളും ഒഴികെ ബാക്കിയുള്ളവർ തമിഴ്നാട്ടുകാരുമായിരുന്നു. ബോട്ടിൽ കരുതി വച്ചിരുന്ന ഭക്ഷണമെല്ലാം മുൻപേ തീർന്നിരുന്നു. പിന്നീട് നാരങ്ങാ പിഴിഞ്ഞ് അല്പം ശുദ്ധ ജലവും, കടൽ വെള്ളവുമായി ചേർത്ത് കഴിച്ചു ജീവൻ നിലനിർത്തി.

നവംബർ ഇരുപത്തിനാലിന് ആയിരുന്നു ജോസ് അടങ്ങുന്ന പതിനൊന്നു പേരുടെ സംഘം ഒരു ബോട്ടിലും രണ്ടു വഞ്ചിയിലുമായി ലക്ഷദ്വീപ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്. ആ ഭാഗങ്ങളിൽ കൂടുതലായുള്ള കേര മൽസ്യ കൂട്ടത്തെ ലക്ഷ്യമാക്കിയായിരുന്നു അത്തവണത്തെ യാത്ര. വളരെ വേഗം നീന്തുന്ന മൽസ്യമാകയാൽ ബോട്ടിൽ നിന്നും ഇറങ്ങി വഞ്ചിയിൽ തുഴഞ്ഞു വല എറിയുകയായിരുന്നു പതിവ്. അന്നും വഞ്ചിയിൽ തുഴഞ്ഞു വല എറിയവേ അസാധാരണമായി കാറ്റു വീശാൻ തുടങ്ങിയത് ജോസ് ഓർക്കുന്നു. തുടർന്ന് ബോട്ടിലേക്ക് തിരിച്ചു കയറുകയായിരുന്നു. പിന്നീടാണ് ചുഴലി അലറി അടുത്തത്. വള്ളങ്ങളെ കയറിൽ ബോട്ടിൽ ബന്ധിച്ചെങ്കിലും ഓഖിയുടെ ശക്തിയിൽ അത് പൊട്ടി പോയി. വള്ളങ്ങൾ കടലിന്റെ വന്യതയിലേക്കു ഒഴുകി നീങ്ങുന്നത് നോക്കി നിൽക്കാനേ ജോസിന് കഴിഞ്ഞുള്ളു.

ചുഴലിക്കാറ്റ് കടലിലും കരയിലും സംഹാര താണ്ഡവമാടുന്നത് അറിഞ്ഞ ജോസിന്റെ ഭാര്യ നിഷയും മക്കളും നിരന്തരം പ്രാർഥനയിലായിരുന്നു ദൈവംതമ്പുരാൻ എന്ന് പേരിട്ടിരുന്ന ജോസിന്റെ ബോട്ടിനു അക്കാരണത്താൽ തന്നെ ഒരപകടവും സംഭവിക്കില്ലെന്ന് ജോസിന്റെ ഇളയ മകൻ അമ്മയോട് പറയുമായിരുന്നു. കുട്ടിയുടെ വിശ്വാസം രക്ഷിച്ചെങ്കിലും ജീവിതം വീണ്ടും തുടങ്ങാൻ ദൈവത്തിന്റെ സഹായം മാത്രമേ ജോസിന് പ്രതീക്ഷയായിട്ടുള്ളൂ. കാരണം കന്യാകുമാരി ജില്ലയിൽ താമസിക്കുന്ന ജോസിനും കുടുംബത്തിനും സർക്കാർ സഹായം കിട്ടുമെന്ന് പ്രതീക്ഷ ഇല്ല. ചുഴലിക്കാറ്റിൽ നാശം നേരിട്ടവർക്കു സർക്കാർ ഇതുവരെ ധന സഹായമോ, പുനരധിവാസമോ പ്രഖ്യാപിച്ചിട്ടില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Tn fisherman survives cyclone ockhi but might drown under burden of debt