ആലപ്പുഴ: രണ്ട് വർഷത്തിലേറെയായി പാർട്ടി അംഗത്വം പുതുക്കാതിരുന്ന സിപിഎമ്മിന്രെ ആലപ്പുഴയിലെ മുതിർന്ന അംഗമായ ടി.കെ.പളനി സിപിഐയിൽ ചേരുന്നു. മാരാരിക്കുളം രക്തസാക്ഷിയായ ടി.കെ.കുമാരന്രെ സഹോദരനായ ടി.കെ.പളനിയും സിപിഎമ്മും തമ്മിൽ കഴിഞ്ഞ സമ്മേളന കാലയളവിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ഇപ്പോൾ അദ്ദേഹത്തെ ഈ തീരുമാനത്തിലെത്തിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ 1996ൽ വി.എസ്.അച്യുതാനന്ദൻ തോറ്റപ്പോൾ അന്ന് ജില്ലാ സെക്രട്ടേറിയറ്റംഗവും മാരാരിക്കുളം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായിരുന്ന ടി.കെ.പളനിക്ക് നടപടി നേരിടേണ്ടി വന്നു. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കിന്രെ മൂർദ്ധന്യത്തിൽ നടന്ന വെട്ടിനിരത്തലിൽ പളനി പാർട്ടി നടപടിക്ക് വിധേയനാവുകയാരിുന്നു എന്നായിരുന്നു അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. പിന്നീട് വീണ്ടും പാർട്ടിയിൽ സജീവമായ പളനി വീണ്ടും പാർട്ടിക്ക് അനഭിമതനാകുന്നത് കഴിഞ്ഞ പാർട്ടി സമ്മേളന കാലയളവിലാണ്.

കഴിഞ്ഞ സമ്മേളന കാലയളവിൽ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും സി.കെ.ഭാസ്കരനെ മാറ്റിയതിനെതിരെ ശക്തമായ എതിർപ്പുയർന്നു. ടി.കെ.പളനിയും ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഭൂരിപക്ഷവും ജില്ലാ കമ്മിറ്റി നിലപാടിനെതിരെ രംഗത്തു വന്നു. സി.കെ.ഭാസ്കരനെയും ടി.കെ.പളനിയെയും മുന്നിൽ നിർത്തി അണികൾ പ്രകടനം നടത്തി. പിന്നീട് സിപിഎം ജില്ലാകമ്മിറ്റി നിലപാടിൽ അയവു വരുത്തി. എന്നാൽ വീണ്ടും കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിൽ ഭൂരിപക്ഷത്തിന്രെ താൽപര്യം അവഗണിച്ച് ചിലരെ പാർട്ടി നേതൃത്വത്തിന്റെ താൽപര്യ പ്രകാരം ഉൾപ്പെടുത്തി. ഇതേ തുടർന്ന് പളനി സംഘടനാ പ്രവർത്തനത്തിൽ നിർജ്ജീവമാകുകയായിരുന്നു. പിന്നീട് പാർട്ടി അംഗത്വം അദ്ദേഹം പുതുക്കിയില്ല.

“രണ്ട് വർഷമായി പാർട്ടി അംഗത്വം പുതുക്കാതിരുന്നതാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിർജ്ജീവമായിരിക്കുന്നത് ശരിയല്ലെന്ന തോന്നലിലാണ് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന്,” ടി.കെ.പളനി ഇന്ത്യൻ എക്സപ്രസ്സ് മലയാളത്തോട് പറഞ്ഞു.

1947 ൽ കയർ ഫാക്ടറി തൊഴിലാളിയായി  ട്രേഡ് യൂണിയൻ രംഗം വഴി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുമ്പോൾ പതിമൂന്ന് വയസ്സായിരുന്നു പളനിക്ക്.  1953 ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. സിപിഎമ്മിന്രെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു.

“സിപിഎമ്മിന്രെ നിലവിലെ പ്രവർത്തന രീതിയോടുളള അഭിപ്രായവ്യത്യാസമാണ് താൻ പാർട്ടിയിൽ നിർജ്ജീവമാകാൻ കാരണ”മെന്ന് പളനി ഐഇ മലയാളത്തോട് പറഞ്ഞു. “നിലവിലത്തെ സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താതിരിക്കാൻ സാധ്യമല്ലെന്ന തിരിച്ചറിവുളളതുകൊണ്ടാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീമാകാൻ തീരുമാനിച്ചതെന്ന്” എൺപ്പത്തിമൂന്നുകാരനായ പളനി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ