കൊച്ചി: കെവിൻ വധക്കേസിലെ പ്രതി ടിറ്റു ജറോമിനെ ജയിലിൽ മർദനമേറ്റ സംഭവത്തിൽ ജയിൽ ഡിജിപിയെ വിളിച്ചു വരുത്തേണ്ടി വരുമെന്ന് ഹൈക്കോടതി. സംഭവത്തിൽ ജയിൽ എഡിജിപി സമർപ്പിച്ച റിപ്പോർട് തൃപ്തികരമല്ലെന്ന് കോടതി വിമർശിച്ചു. ടിറ്റുവിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് കെ.വിനോദ ചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റെ പരാമർശം.

ജയിലിൽ നടന്നതെന്താണന്ന് അറിയിക്കാനാണ് ആവശ്യപ്പെട്ടെതെന്നും തടവുകാരന് പരുക്കേറ്റോ എന്നറിയിക്കാനല്ല ആവശ്യപ്പെട്ടെതെന്നുംകോടതി ചൂണ്ടിക്കാട്ടി. തടവുകാരെ ഒറ്റക്ക് പാർപ്പിക്കുന്നത് ചെറിയ അച്ചടക്ക നടപടികളുടെ ഭാഗമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല.

Also Read: വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക്

തടവുകാരെ മർദിക്കുവാൻ ആർക്കും അധികാരമില്ലെന്നും ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും
സ്ഥലം മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാധി തുടങ്ങിയതിൽ പിന്നെ മകനെ കാണാൻ ജയിലധികൃതർ സമ്മതിച്ചിട്ടില്ലെന്നും മർദിച്ചെന്നും തടങ്കലിലാക്കിയിരിക്കുകയാണന്നും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നുമാണ് മാതാപിതാക്കളുടെ ഹർജിയിലെ ആവശ്യം. ടിറ്റുവിനെ കാണാൻ മാതാപിതാക്കളെ ഇന്നും അനുവദിച്ചില്ല. തുടർന്നാണ് നിർദേശം.

Also Read: സ്‌പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് ചർച്ചയ്‌ക്കെടുക്കും; സഭാ ചരിത്രത്തിൽ മൂന്നാം തവണ

കേസിൽ ജയിൽ ഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി രണ്ടാഴ്ചക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ടിറ്റുവിന്റെ മൊഴി രേഖപ്പെടുത്താൻ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകി. മൊഴിയെടുത്ത ശേഷം ക്രിമിനൽ നടപടിച്ചട്ടപ്രകാരം തുടർ നടപടി സ്വീകരിക്കണം. കുറ്റക്കാരായ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ടിറ്റുവിന്റെ മെഡിക്കൽ റിപ്പോർട്ടിൽ അപാകത ഉണ്ടെന്നും പരുക്കുകളെക്കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കോടതി നിർദേശിച്ച അന്വേഷണ നടപടികൾ പൂർത്തിയാവും മുമ്പ് ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ നിഷേധിച്ച ജയിൽ ഡിജിപിയുടെ നടപടിയേയും കോടതി വിമർശിച്ചു. സിറ്റി കമ്മീഷണർ ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് കോടതി ആരാഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.