തിരുവനന്തപുരം: വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്ന് ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ് കേസ്.
പതിമൂന്ന് വർഷമായി കേസ് അന്വേഷിച്ചിരുന്നത് വിജിലൻസാണ്. കേസ് ഇഴയുന്നു എന്ന് പറഞ്ഞ് കോടതിയിൽ നിന്ന് വിജിലൻസിന് ഏറെ വിമർശനങ്ങളാണ് കേട്ടത്. ഇതിനു ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.
Read Also: പിണറായി വിജയന് എവിടെന്ന് കിട്ടി ഇങ്ങനെയൊരു ……; ഡിജിപിക്കെതിരെ കെ.മുരളീധരന്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്. മാലിന്യ സംസ്കരണത്തിന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഫിന്‍ലന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ 80 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.
വിദേശ കമ്പനി ഉൾപ്പെടുന്ന കേസായതിനാൽ സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു. അതേസമയം, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം നടക്കട്ടെ, തകരാര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
വിജിലൻസ് അന്വേഷണത്തിന് പരിമിതികളുണ്ടെന്നും കേസ് സിബിഐയ്ക്ക് നൽകിയത് വേട്ടയാടൽ അല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.