scorecardresearch
Latest News

തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹം ട്രോളിബാഗിലാക്കി ഉപേക്ഷിച്ചതായി പ്രതികൾ

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്

Tirur Hotel owner, Sidhique murder case, ie malayalam
കൊല്ലപ്പെട്ട സിദ്ദിഖ്, അട്ടപ്പാടി ചുരത്തിൽ കണ്ടെത്തിയ ബാഗുകൾ

തിരൂർ: കോഴിക്കോട് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ചതായി പ്രതികൾ. അട്ടപ്പാടി ചുരത്തിൽ ബാഗുകൾ ഉപേക്ഷിച്ചതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. അട്ടപ്പാടി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽനിന്ന് കണ്ടെടുത്ത രണ്ടു സ്ട്രോളി ബാഗുകൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബാഗുകള്‍ പരിശോധിച്ചു. ഇവയ്ക്കുള്ളിൽ മൃതദേഹമാണെന്ന് കണ്ടെത്തി.

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18), ഷുക്കൂർ, ആഷിഖ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ചെന്നൈയിൽനിന്നും തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

ഈ മാസം 24 മുതൽ സിദ്ദിഖിനെ കാണാനില്ലെന്നു കാണിച്ച് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരാഴ്ച മുൻപ് വീട്ടിൽനിന്ന് പോയ സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതും അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചതായി സന്ദേശം കിട്ടിയതോടെയുമാണ് മകന് സംശയം തോന്നിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

murder case, kerala news, ie malaylam
പ്രതികളായ ഷിബിലി, ഫർഹാന, ആഷിഖ്

കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത ലോഡ്ജില്‍വച്ച് പ്രതികൾ സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനുശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളി. സിദ്ദിഖ് മുറിയെടുത്ത ലോഡ്ജിൽ ഷിബിലിയും ഫര്‍ഹാനയും മറ്റൊരു മുറിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനാണ് ഷിബിലി. ഇയാളുടെ പെൺസുഹൃത്താണ് ഫർഹാന. രണ്ടാഴ്ച മുമ്പാണ് ഷിബിലി ഹോട്ടലില്‍ ജോലിക്കെത്തിയതെന്ന് ഹോട്ടലിലെ ജീവനക്കാര്‍ പറഞ്ഞു. സ്വഭാവ ദൂഷ്യം കാരണം പിന്നീട് ഇയാളെ പറഞ്ഞുവിട്ടുവെന്നും പിന്നീട് ഇയാളെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Tirur hotel owner murder case two trolleybags found at attappadi