കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി നടൻ ടിനി ടോം. ഇതിനെതിരേ പരാതി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തനിക്കെതിരായ സൈബർ ആക്രമണമെന്നും എന്നാൽ തനിക്ക് അവരുമായി ഒരു ബന്ധവുമില്ലെന്നും ടിനി ടോം പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നത്” ടിനി ടോം ചോദിക്കുന്നു.

ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങൾ എന്തിനാണ് നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിച്ചു. “വളരെ അധികം വിഷമം തോന്നിയത് മറ്റൊന്നുമല്ല. എന്നെ പൊലീസ് വിളിച്ചിട്ടില്ല. ആരും ചോദ്യം ചെയ്തിട്ടില്ല. എന്റെ എമ്മ ഏറെ വിഷമിക്കുന്നു. ഇല്ലാത്ത വാർത്ത കേട്ടിട്ട്. നിങ്ങൾക്ക് ഡിജിപിയെ വിളിച്ച് ചോദിക്കാം. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് ചോദിക്കാം. പ്രതികളോടോ ഷംനയോടോ ചോദിക്കാം,” വെറുതെ അന്തരീക്ഷത്തിൽ നിന്ന് എടുക്കുകയാണ് വാർത്തകളെന്നും ടിനി ടോം പറഞ്ഞു.

Read More: ഷംനയെ ഭീഷണിപ്പെടുത്തിയവർ തന്നെയും വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി ധർമജൻ

“ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അപൂർവമായ അസ്ഥി ഉരുകുന്ന ബാധിച്ചാണ് മരിച്ചത്,” ടിനി ടോം പറയുന്നു.

ഒരു സൂപ്പർ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയതെന്നും ടിനി ടോം പറഞ്ഞു. ‘ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം വന്നത് കെഎസ്ആർടിസി യാത്ര പതിവായതിനാലായിരുന്നു.അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്,’ ടിനി ടോം പറഞ്ഞു. തനിക്ക് സിനിമയിൽ ഗോഡ് ഫാദറില്ല. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: ഷംന കാസിം കേസ്: ഇടനിലക്കാരൻ മേക്കപ്പ് ആർട്ടിസ്റ്റ്, ഇടുക്കിക്കാരിക്കായി തിരച്ചിൽ

ഷംനാ കാസിമിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഉയർന്ന കേസുകളിൽ ടിനി ടോമിനെ ചോദ്യം ചെയ്തു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചായിരുന്നു ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം മറുപടി പറഞ്ഞത്.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി നേരത്തേ പറഞ്ഞിരുന്നു. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആൾക്ക് തന്റെ നമ്പർ കൊടുത്തതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരുകയാണ്. ഷംനയെ ഭീഷണിപ്പെടുത്തിയവർ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി ഐജി വിജയ് സാക്കറെ പറഞ്ഞു.  എന്നാൽ, നടി പൊലീസിൽ പരാതിപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതി പാളുകയായിരുന്നെന്നും പറഞ്ഞു. പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പൊലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.