scorecardresearch
Latest News

സരിത എസ് നായരും ഉമ്മൻചാണ്ടിയും ഒരു തട്ടിപ്പ് കേസും; സോളാറിന്റെ നാൾവഴി

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി കൈക്കൂലി വാങ്ങിയെന്നും, സോളാർ തട്ടിപ്പിന് കൂട്ടു നിന്നുവെന്നും ആരോപണം ഉയർന്നിരുന്നു

സോളാർ കേസ്, solar case, സോളാർ കേസിന്റെ നാൾവഴി, Timeline of Solar case, സോളാർ കേസിനെ കുറിച്ച് വിശദമായി, സരിത എസ് നായർ, ഉമ്മൻചാണ്ടി,

കൊച്ചി: സമീപകാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ വലിയ തട്ടിപ്പിലേക്കാണ് സോളാർ വഴിതുറന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവം വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകമാനം ഉയർത്തിവിട്ടത്.

സൗരോർജ്ജ പാടങ്ങളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ടീം സോളാർ മുന്നോട്ട് വച്ച പദ്ധതിയിൽ നൂറിലേറെ പേരാണ് നിക്ഷേപം നടത്തിയത്. എഴുപതിനായിരം രൂപ മുതൽ അമ്പത് ലക്ഷം രൂപ വരെ ഇവരിൽ നിന്ന് ടീം സോളാറിന് വേണ്ടി ബിജു രാധാകൃഷ്ണനും സരിത എസ് നായരും കൈപ്പറ്റിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചായിരുന്നു ടീം സോളാറിന്റെ പ്രവർത്തനം എന്നതാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചത്. രാജ്യത്ത് അംഗീകൃത സോളാർ ഏജൻസികൾക്ക് 50 ശതമാനം വരെ സബ്സിഡി ലഭിച്ചുകൊണ്ടിരുന്ന കാലത്താണ്, ടീം സോളാർ യാതൊരു അംഗീകാരവുമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ച് പ്രവർത്തിച്ചത്.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫുകളിൽപെട്ട ടെന്നി ജോപ്പൻ, ജിക്കു ജേക്കബ് എന്നിവർ രാജിവയ്ക്കേണ്ടി വന്നിരുന്നു. കേസിൽ വിശദമായ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം 2013 ആഗസ്ത് 12 ന് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരം വേഗത്തിൽ പിൻവലിച്ചത് ഒത്തുതീർപ്പാണെന്ന നിലയിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ സമരം വൻവിജയമാണെന്ന മറുപടിയാണ് സിപിഎം ഇതിന് നൽകിയത്.

ജസ്റ്റിസ് പി. ശിവരാജൻ കമ്മിഷൻ അദ്ധ്യക്ഷനായി സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ചത് 2014 മാർച്ച് മൂന്നിനാണ്. മൂന്നര വർഷത്തെ അന്വേഷണത്തിന് ശേഷം ഇന്ന് (2017 സെപ്തംബർ 26) ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. റിപ്പോർട്ട് ലഭിച്ചതായി മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു. തട്ടിപ്പ് കഥയിൽ ഉമ്മൻചാണ്ടി പ്രതിയാകുമോയെന്ന ചോദ്യമാണ് കേരളം ഒന്നടങ്കം ചോദിക്കുന്നത്. കേസിന്റെ നാൾ വഴി വിശദമായി…

2013 ജൂൺ 3
സോളാർ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത ശേഷമുള്ള ആദ്യ അറസ്റ്റ്. സരിത എസ്.നായർ പൊലീസ് പിടിയിലായി.
2013 ജൂൺ 4
ടീം സോളാർ നടത്തിയത് വലിയ സാമ്പത്തിക തട്ടിപ്പാണെന്ന് കണ്ടെത്തൽ. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ കോടതി ഉത്തരവ്.
2013 ജൂൺ 12
സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും പങ്കാളികളായിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. സരിത എസ്.നായർക്കും ടീം സോളാറിനുമെതിരെ എം.ശ്രീധരൻ നായർ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി.
2013 ജൂൺ 14
മുഖ്യമന്ത്രി ദില്ലിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള.
2013 ജൂൺ 14
സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ ടെനി ജോപ്പനെയും, ഗൺമാൻ സലിംരാജിനെയും തൽസ്ഥാനങ്ങളിൽനിന്നും നീക്കി.
2013 ജൂൺ 15
എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിൽ സോളാർ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘം
2013 ജൂൺ 15
എറണാകുളം ഗസ്റ്റ് ഹൗസിൽ ബിജു രാധാകൃഷ്ണനുമായി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട് പുറത്ത്
2013 ജൂൺ 16
സോളാർ തടിപ്പുകേസിലെ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണൻ, സരിത എസ്. നായർ എന്നിവരുടെ വീടുകളിൽ പൊലീസ് സംഘം റെയ്ഡ് നടത്തി. ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിനിമ-സീരിയൽ താരം ശാലു മേനോന്റെ വീടിന്റെ പാലു കാച്ചൽ ചടങ്ങിൽ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത്
2013 ജൂൺ 17
മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽ വച്ച് പൊലീസിന്റെ പിടിയിൽ. തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിക്കും പങ്കെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രതിപക്ഷ തീരുമാനം.
2013 ജൂൺ 26
ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗം ജിക്കുമോൻ രാജിവച്ചു
2013 ജൂൺ 28
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ മറ്റൊരംഗം ടെന്നി ജോപ്പൻ പൊലീസ് പിടിയിൽ
2013 ജൂലൈ 01
എം.ശ്രീധരൻ നായർ കോടതിയിൽ നൽകിയ പരാതിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും പരാമർശം. ഇത് വിവാദമായി.
2013 ജൂലൈ 03
സരിത നായരുടെ ഫോണിലേക്ക് വിളിച്ചവരുടെ പേരുകൾ പുറത്ത്. തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം യുഡിഎഫ് മന്ത്രിസഭയിലെ നാല് പേരുടെ വിവരങ്ങൾ പുറത്ത്.
2013 ജൂലൈ 04
യുഡിഎഫിനെയും, സംസ്ഥാന സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി സരിത എസ് നായരുടെ ഫോൺ രേഖകൾ കൂടുതൽ പുറത്ത്. രണ്ട് കേന്ദ്രമന്ത്രിമാർ, ഏഴ് സംസ്ഥാന മന്ത്രിമാർ, ആറ് എംഎൽഎ മാർ, ഒരു എംപി എന്നിവരും പട്ടികയിൽ
2013 ജൂലൈ 05
സോളാർ തട്ടിപ്പുകേസിൽ നടി ശാലു മേനോനെയും പൊലീസ് അറസ്റ്റ് ചെയ്തു
2013 ജൂലൈ 06
സോളാർ സാമ്പത്തിക തട്ടിപ്പു കേസിൽ എം.ശ്രീധരൻ നായരുടെ പരാതിയിൽ റാന്നിയിലെ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തി.
2013 ജൂലൈ 8
സരിതയുടെ സഹായത്തോടെ സോളാർ പദ്ധതി കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്ന് എം.ശ്രീധരൻ നായർ.
2013 ജൂലൈ 20
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരിക്കെ ടെന്നി ജോപ്പൻ സെക്രട്ടേറിയേറ്റിൽ വച്ച് രണ്ട് ലക്ഷം രൂപ തന്റെ പക്കൽ നിന്നും കൈപ്പറ്റിയതായി സരിതയുടെ വെളിപ്പെടുത്തൽ
2013 ജൂലൈ 30
സോളാർ കേസിൽ ആദ്യ കുറ്റപത്രം. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരെ കുറ്റപത്രം സമർപ്പിച്ചത്.
2013 ആഗസ്ത് 12
മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉയർത്തി ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ് വളയൽ സമരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇടതുമുന്നണി പ്രവർത്തകർ സെക്രട്ടേറിയേറ്റ് പടിക്കൽ.
2013 ആഗസ്ത് 13
സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇടതുമുന്നണി സെക്രട്ടേറിയേറ്റ് സമരം പിൻവലിച്ചു.
2013 ആഗസ്ത് 28
സോളാർ കേസിൽ സരിതയെയും ബിജു രാധാകൃഷ്ണനെയും എറണാകുളം അഡീ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സരിത കോടതിയിൽ. എന്നാൽ ഇക്കാര്യം കോടതി രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായി.
2013 സെപ്തംബർ 10
മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജും സോളാർ കേസിൽ പിടിയിൽ
2013 സെപ്തംബർ 11
സോളാർ കേസിൽ സരിത എസ് നായർ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചോയെന്നറിയാൻ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന് ഹർജി. ഇതിൽ റെക്കോഡിംഗ് സൗകര്യം ഇല്ലെന്ന് സർക്കാർ അഭിഭാഷകൻ. ഹർജി കോടതി തള്ളി.
2013 ഒക്ടോബർ 9
എം.ശ്രീധരൻ നായരുടെ പരാതിയിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു.
2013 ഒക്ടോബർ 11
മുഖ്യമന്ത്രിക്കെതിരെ എം.ശ്രീധരൻ നായർ ഉയർത്തിയ വഞ്ചന കുറ്റം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി
2013 ഒക്ടോബർ 23
സോളാർ തട്ടിപ്പ് അന്വേഷണത്തിനായി പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജനെ സർക്കാർ നിയോഗിച്ചു.
2013 ഒക്ടോബർ 25
എം.ശ്രീധരൻ നായരുടെ പരാതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ടെന്നി ജോപ്പനെതിരെ പരാമർശം. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് കുറ്റപത്രത്തിലില്ല.
2013 ഒക്ടോബർ 27
മുഖ്യമന്ത്രിക്ക് എതിരെ കണ്ണൂരിൽ നടന്ന ഇടത് പ്രതിഷേധത്തിനിടെ കല്ലേറ്, മുഖ്യമന്ത്രിക്ക് പരിക്ക്.
2013 ഒക്ടോബർ 30
സരിതയ്ക്ക് ഒപ്പമാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടതെന്ന് എം.ശ്രീധരൻ നായർ. സഹായിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും ശ്രീധരൻ നായരുടെ വെളിപ്പെടുത്തൽ
2013 നവംബർ 13
താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന സരിതയുടെ വെളിപ്പെടുത്തൽ രേഖപ്പെടുത്താതിരുന്നതിൽ എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അന്വേഷണം. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ചില പേരുകൾ സരിത പറഞ്ഞതായി മജിസ്ട്രേറ്റ് എൻവി രാജുവിന്റെ വെളിപ്പെടുത്തൽ.
2013 നവംബർ 21
സോളാർ തട്ടിപ്പുകേസിൽ സരിത എസ് നായരും മന്ത്രിമാരുമായുള്ള വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് സരിതയുടെ അഭിഭാഷകൻ കോടതിയിൽ
2013 നവംബർ 26
സരിതയും മന്ത്രി കെബി ഗണേഷ്കുമാറും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് പ്രശ്നങ്ങൾകക്ക് കാരണമെന്ന് ബിജു രാധാകൃഷ്ണന്റെ തുറന്ന കത്ത്.
2013 ഡിസംബർ 10
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ക്ലിഫ് ഹൗസ് വളഞ്ഞ് സമരം ആരംഭിച്ചു.
2013 ഡിസംബർ 26
ഇടതുമുന്നണി ക്ലിഫ് ഹൗസ് വളയൽ സമരം പിൻവലിച്ചു
2014 ജനുവരി 20
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി പരിശോധിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ജോയ് കൈതാരമാണ് കേസിൽ സുപ്രീം കോടതിയെ സമീപിച്ചത്.
2014 ഫെബ്രുവരി 21
സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്.നായർ ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തേക്ക്
2014 മാർച്ച് 03
ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ സോളാർ കേസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ആസ്ഥാനം. എപി അബ്ദുള്ളക്കുട്ടി എംഎൽഎ ബലാത്സംഗം ചെയ്തെന്ന് സരിത
2014 ജൂൺ 08
സോളാർ കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ കാലാവധി ആറ് മാസം നീട്ടി. സരിതയുടെ പരാതി കേൾക്കുന്നതിൽ എറണാകുളം അഡീ ചീഫ് ബുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് വീഴ്ചപറ്റിയെന്ന് ഹൈക്കോടതി.
2014 ജൂൺ 14
ലൈംഗിക ചൂഷണത്തെക്കുറിച്ചു സരിത നായരുടെ പരാതി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടിക്ക് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.
2014 ജൂലൈ 1
ജുഡീഷ്യൽ കമ്മിഷനെതിരെ സരിത കോടതിയിൽ. കമ്മിഷന് രാഷ്ട്രീയ താത്പര്യമെന്ന് ആരോപണം
2014 ജൂലൈ 04
സോളാർ കമ്മിഷനിൽ സരിത മൊഴി മാറ്റി. മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും ക്ലീൻ ചിറ്റ്
2014 നവംബർ 7
മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്, ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളും ജുഡീഷ്യൽ അന്വേഷണ പരിധിയിൽ
2015 ഏപ്രിൽ 07
കോടതിയിൽ സമർപ്പിക്കാനായി സരിത എസ് നായർ ജയിലിൽ നിന്ന് എഴുതിയ കത്ത് പുറത്ത്.
2015 ഡിസംബർ 1
കേന്ദ്രമന്ത്രി കെസി വേണുഗോപാൽ, മന്ത്രി ആര്യാടൻ മുഹമ്മദ്, മന്ത്രി കെബി ഗണേഷ് കുമാർ എന്നിവർ പണം ആവശ്യപ്പെട്ടെന്ന് ബിജു രാധാകൃഷ്ണൻ
2015 ഡിസംബർ 04
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സരിത എസ് നായരും അടക്കമുള്ള വീഡിയോ ഹാജരാക്കാൻ ബിജു രാധാകൃഷ്ണനോട് കോടതി.
2015 ഡിസംബർ 10
മുഖ്യമന്ത്രിയും സരിത എസ് നായരുമൊത്തുള്ള വീഡിയോ കണ്ടെത്താൻ പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്. സിഡി കണ്ടെത്താനാകാതെ മടക്കം.
2016 ജനുവരി 25
എറണാകുളത്ത് സോളാർ കമ്മിഷന് മുൻപിൽ ഹാജരായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ 13 മണിക്കൂർ കമ്മിഷൻ ചോദ്യം ചെയ്തു. സരിതയെ കണ്ടിട്ടുണ്ടായിരിക്കാമെന്ന് മുഖ്യമന്ത്രിയുടെ മൊഴി.
2016 ജനുവരി 27
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കൈക്കൂലി നൽകിയെന്ന് സോളാർ കമ്മിഷനിൽ സരിത. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ തമ്പാനൂർ രവിയുമായുള്ള സരിതയുടെ ഫോൺ സംഭാഷണം പുറത്ത്. മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം നൽകിയെന്നും ആരോപണം
2016 ജൂൺ 16
സരിതയെ മന്ത്രി ഷിബു ബേബി ജോൺ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ പുറത്ത്. സരിതയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് എറണാകുളം എംഎൽഎ ഹൈബി ഈഡൻ. പിസി വിഷ്ണുനാഥ് എംഎൽഎ 183 തവണ സരിതയെ ബന്ധപ്പെട്ട വിവരം പുറത്ത്.
2016 ജൂൺ 24
സരിതയെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുൻമന്ത്രി കെപി മോഹനന്റെ വെളിപ്പെടുത്തൽ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻമന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ പ്രാഥമികാന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്ന് തൃശ്ശൂരിലെ വിജിലൻസ് കോടതി
2016 ജൂൺ 27
സോളാർ കമ്മിഷനിൽ ഒൻപത് മണിക്കൂർ സരിത എസ് നായരെ വിസ്തരിച്ചു
2016 ജൂലൈ 13
മുന്‍മന്ത്രി എ.പി.അനി‍ല്‍കുമാറിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുളള 185 തവണ സരിതാനായരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ സോളാര്‍ കമ്മീഷന് കിട്ടി.
2016 ജൂലൈ 15
ഉമ്മൻചാണ്ടിക്ക് സരിത പണം നൽകിയെന്ന വെളിപ്പെടുത്തൽ ശരിവച്ച് ബിജു രാധാകൃഷ്ണൻ
2016 നവംബർ 8
വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍.ശങ്കര്‍ റെഡ്ഡി സോളാര്‍ കേസിലെ പരാതികൾ പൂഴ്ത്തിയ സംഭവത്തിൽ, ഇദ്ദേഹത്തിനെതിരായ പരാതി വിജിലൻസ് കോടതി തള്ളി.
2016 ഡിസംബർ 16
സോളാർ തട്ടിപ്പുകേസിൽ ബിജു രാധാകൃഷ്ണനും സരിത എസ് നായർക്കും മൂന്ന് വർഷം തടവും പിഴയും
2016 ഡിസംബർ 23
സോളാർ കമ്മിഷന് മുന്നിൽ വീണ്ടും ഉമ്മൻചാണ്ടി. സരിതയുമായി ഫോണിൽ സംസാരിച്ചെന്ന ആരോപണം തള്ളി.
2017 ജനുവരി 30
സോളാർ തട്ടിപ്പിനായി പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾ താൻ മുഖ്യമന്ത്രിയായിരിക്കെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടി.
2017 സെപ്തംബർ 26
സോളാർ കേസിലെ അന്വേഷണം പൂർത്തിയാക്കി ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുഖ്യമന്ത്രിക്ക് പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരും കേസിന്റെ വിവരങ്ങൾ പുറത്തുവിട്ടില്ല. നാല് വോള്യം വലിപ്പമുള്ള റിപ്പോർട്ടാണിതെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Timeline of kerala solar case oomman chandi saritha s nair