തിരുവനന്തപുരം: മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43-ാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തിയ നബീസയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 171-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.

നബീസയുടെ ഭര്‍ത്താവ് മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് തനിക്ക് ലഭിച്ച വിവരം. കള്ളവോട്ട് ചെയ്യാനാണ് നബീസ എത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്നും ടിക്കാറാം മീണ പത്രസമ്മേളനത്തില്‍ പറഞ്ഞു. നബീസയെ പൊലീസിന് കൈമാറിയതായും മീണ അറിയിച്ചു.

അതേസമയം ഉപതിരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലും റീ പോളിങ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് മണിവരെ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നുവെന്നും റീ പോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയില്ലെന്നും അദ്ദേഹം അറിയിച്ചു.

എന്‍എസ്എസ് അയച്ച വക്കീല്‍ നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന് ടിക്കാറാം മീണ അറിയിച്ചു. തനിക്ക് ഒരു സംഘടനയോടും അവമതിപ്പില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ അധ്യായം അടഞ്ഞെന്നും പറഞ്ഞു. എന്‍എസ്എസ് സമദൂരം വിട്ട് ശരിദൂരം സ്വീകരിച്ചത് പ്രശ്‌നമായെന്ന മീണയുടെ പ്രസ്താവനക്കെതിരെയാണ് എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.