ടിക് ടോക് താരം ആരുണി എസ്.കുറുപ്പിന്റെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാതെ പകച്ചു നിൽക്കുകയാണ് സൈബർ ലോകം. തിരുവനന്തപുരം എഎടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നാലാം ക്ലാസുകാരി ആരുണി മരണത്തിന് കീഴടങ്ങിയത്.

പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് ആരുണിയുടെ മരണ കാരണം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം.

കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളാണ് ആരുണി. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. അച്ഛന് പിന്നാലെ ആരുണിയേയും മരണം കീഴ്‌പ്പെടുത്തി.

രോഗകാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഇതേ തുടർന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.