വയനാട്: മാനന്തവാടിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറിയില്‍ വച്ചാണ് കടുവയെ വലയിലാക്കിയത്. വനംവകുപ്പും ആര്‍ആര്‍ടി സംഘവും ചേര്‍ന്ന് നടത്തിയ ദൗത്യമാണ് ഒടുവില്‍ ഫലം കണ്ടത്.
കഴിഞ്ഞ ദിവസം കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കാല്‍പാട് സമാനമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ വീടിനു സമീപത്തെ കൃഷിയിടത്തില്‍വച്ച് തൊണ്ടര്‍നാട് പുതുശേരി വെള്ളാരംകുന്ന് സ്വദേശി പള്ളിപ്പുറത്ത് തോമസിനെ കടുവ ആക്രമിച്ചത്. കൈകള്‍ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
തോമസിനെ ഉടന്‍ തന്നെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ തോമസിനു ഹൃദയാഘാതം സംഭവിച്ചിരുന്നു.
സമീപപ്രദേശത്തൊന്നും വനം ഇല്ലാത്ത മേഖലയായ പുതുശേരിയില്‍ കടുവ ഇറങ്ങി ഒരാളെ കൊലപ്പെടുത്തിയതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. തോമസിന്റെ കുടുംബത്തിനു സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.