പെരിയാർ: നാല് വർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കടുവ സെൻസസ് ആരംഭിച്ചു. ആദ്യ ഘട്ടം ഫെബ്രുവരി ഒൻപതിന് അവസാനിക്കും. ദേശീയ കടുവാ സംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരമാണിത്. 2014 ലാണ് ഇതിനുമുമ്പ് സെൻസസ് നടന്നത്.

വേനൽക്കാലത്ത് ജലസാന്നിദ്ധ്യമുള്ള മേഖലകളിൽ കണ്ടെത്തുന്ന കടുവയുടെ കാൽപ്പാടുകൾ അനുസരിച്ചായിരുന്നു നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നത്. ഈ രീതി അശാസ്ത്രീയമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതിനാൽ, കാമറട്രാപ്പ് ഉൾപ്പെടെയുള്ള സംവിധാനം വഴി കടുവകളെ കണ്ടെത്തുന്നതിനുപുറമേ മരത്തിൽ മാന്തിയ പാടുകൾ, കാഷ്ഠം, ഇരജീവികളുടെ അവശിഷ്ടങ്ങൾ എന്നിവയും വിലയിരുത്തും. നേരത്തെ പരിസ്ഥിതി സംരക്ഷണത്തിൽ താത്പര്യമുള്ളവരുടെ സഹകരണവും ഇതിനായി തേടിയിരുന്നു. ഇത്തവണ വനപാലകർ മാത്രമാണ് കണക്കെടുക്കുന്നത്.

കേരളത്തിൽ പെരിയാർ, പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രങ്ങളിലും വയനാട്ടിലുമാണ് പ്രധാനമായും കണക്കെടുപ്പ്. റാന്നി, കോന്നി, അച്ചൻകോവിൽ, തിരുവനന്തപുരം ഡിവിഷനുകളുടെ പരിധിയിലുള്ള വനമേഖലകളെ സാമ്പിൾ പ്ളോട്ടുകളാക്കി തിരിച്ചും കണക്കെടുക്കും. വിവരങ്ങൾ നോഡൽ ഏജൻസിയായ പെരിയാർ ഫൗണ്ടേഷന് കൈമാറും. ഇവർ ക്രോഡീകരിച്ച പട്ടികയാണ് ദേശീയ കടുവാ സംരക്ഷണ അതോറിട്ടിക്ക് നൽകുക. ഇത്തരത്തിൽ ലഭിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ സെൻസസ് പ്രസിദ്ധീകരിക്കുന്നത്.

കടുവകൾക്കൊപ്പം ഇവയുടെ ഇരകളുടെയും കണക്കെടുപ്പ് നടത്തും. ഇരജീവികൾക്കാവശ്യമായ ഭക്ഷണത്തിന്റെയും ജലത്തിന്റെയും ലഭ്യത, ആവാസവ്യവസ്ഥ എന്നിവ സംബന്ധിച്ചും പരിശോധന നടത്തണമെന്നാണ് ദേശീയ കടുവാ സംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശം. 2014ലെ കണക്ക് പ്രകാരം ഇന്ത്യയിൽ ആകെ 2226 കടുവകള്‍ ആണ് ഉളളത്. കേരളത്തിൽ 136 എണ്ണമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.