scorecardresearch
Latest News

വയനാട് വീണ്ടും കടുവാ ഭീഷണിയിൽ

സുൽത്താൻബത്തേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഇത്തവണ കടുവ ഭീതിവിതച്ചിരിക്കുന്നത് . കടുവാ ഭീഷണിക്കെതിരെ ബി ജെ പി ശനിയാഴ്ച ബത്തേരി താലൂക്കിൽ ഹർത്താൽ നടത്തും

tiger

കൽപ്പറ്റ: സുല്‍ത്താന്‍ ബത്തേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കടുവയിറങ്ങി ഭീതിവിതച്ചതോടെ വ്യാപക പ്രതിഷേധം. നെന്മേനി പഞ്ചായത്തിലെ ചീരാലിലും സമീപ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കടുവയെ കണ്ടത്. ചീരാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മേയാന്‍ വിട്ടിരുന്ന പോത്തിനെ വ്യാഴാഴ്ച രാവിലെ കടുവ പിടിച്ചിരുന്നു. ചത്ത പോത്തിനെ ടൗണിലെത്തിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധം പിന്നീട് കോഴിക്കോട്-ഊട്ടി അന്തര്‍സംസ്ഥാന പാതയിലെ പഴൂരിലേക്ക് മാറ്റി. പ്രതിഷേധം ശക്തകമായി തുടർന്നതിനാൽ മണിക്കൂറികളാണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടത്.

ജനങ്ങളുടെ രോഷം അറിഞ്ഞെത്തിയ വനപാലകര്‍ നാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ കൂടുസ്ഥാപിക്കാമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്നും ഉറപ്പു നല്കിയതോടെയാണ് ഉപരോധം നീങ്ങിയത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ത ന്നെ സ്‌കൂളിനടുത്ത് കടുവയ്ക്കായി കെണിയൊരുക്കി. വനപാലക സംഘവും നാട്ടുകാരും രാത്രിയിലുടനീളം കൂടിനു സമീപത്ത് കാത്തിരുന്നു.

വെളളിയാഴ്ച പുലര്‍ച്ചെ കടുവയെ സമീപപ്രദേശങ്ങളില്‍ വീണ്ടും കണ്ടു. ഇതേ തുടര്‍ന്ന് മറ്റൊരു കൂടുകൂടി സ്ഥാപിക്കാനുളള ശ്രമമാരംഭിച്ചിട്ടുണ്ട്. സ്വകാര്യ തോട്ടങ്ങളിലും വനത്തിലുമായി കടുവ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പടെയുള്ള വനപാലകസംഘം സര്‍വ്വസാഹങ്ങളുമായി കടുവയുടെ പിന്നാലെയുണ്ട്. പഴൂരില്‍ റോഡരികിലും നമ്പിക്കൊല്ലി വയലിലും ഇതിനിടെ കടുവയെ കണ്ടതായി ​റിപ്പോർട്ടുണ്ട്. . മാധ്യമപ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ വന്‍സംഘം തന്നെ, ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടുമാസത്തോളമായി ഈ പ്രദേശത്ത് വിവിധയിടങ്ങളില്‍ കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പണിക്കര്‍പടി, മുണ്ടക്കൊല്ലി, മുത്താച്ചിക്കുന്ന്, വല്ലത്തൂര്‍, കണ്ണിവം എന്നിവിടങ്ങളില്‍ കടുവയെ കണ്ടതായി അവിടെയുള്ളവര്‍ അധികൃതരെ അറിയിച്ചിരുന്നു. ചിലരുടെ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടതായും പരാതി പറഞ്ഞെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാന്‍ വനംവകുപ്പ് തയ്യാറാകാത്തതില്‍ പ്രദേശത്തെ നാട്ടുകാര്‍ രോഷാകുലരാണ്. കടുവപ്പേടിയില്‍ ചീരാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും എ യു പി സ്‌കൂളിനും വെളളിയാഴ്ച അവധി നൽകി.

ബത്തേരിയിൽ ജനങ്ങളുടെ പ്രതിഷേധം, ഫോട്ടോ : ജിതേഷ് ചീരാൽ

കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്തിലെ പാപ്ലശേരിയില്‍ കടുവ വളര്‍ത്തു മൃഗത്തെ കൊന്നതായി ആരോപിച്ച് നാട്ടുകാര്‍ അവിടെ റോഡ് ഉപരോധിച്ചിരുന്നു. കൂടുസ്ഥാപിക്കാമെുന്നും കർഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നുമുള്ള ഉറപ്പിലാണ് അവിടെയും പ്രതിഷേധം അവസാനിപ്പിച്ചത്. മാനന്തവാടി താലൂക്കിലെ തിരുനെല്ലിയിലെ വിവിധ ഇടങ്ങളിലും കടുവയുടെ നാടിറക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്രധാന രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലാണ് ജനങ്ങളുടെ പ്രതിഷേധം.

ജനപ്രതിനിധികളടക്കമുള്ളവര്‍ പ്രതിഷേധക്കാരൊടൊപ്പം നിന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചും ബന്ദികളാക്കിയും പ്രശ്‌നത്തിന്റെ താത്കാലിക പരിഹാരത്തിനാണ് ശ്രമിക്കുന്നത്.

കാട്ടാനശല്യം രൂക്ഷമായ വനാതിര്‍ത്തിഗ്രാമങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. റെയില്‍ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പരിഹാരമാര്‍ഗ്ഗങ്ങളാണ് പ്രാദേശികമായി ആവശ്യപ്പെടുന്നതെങ്കിലും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയുകയില്ല. ഒരിടവേളയ്ക്ക് ശേഷം വനാതിര്‍ത്തി ഗ്രാമങ്ങള്‍ സംഘര്‍ഷഭരിതമാകുകയാണ്. കാട്ടാനകളുടേയും കടുവകളുടേയും നാടിറക്കം തടയാനാവാതെ നിസ്സഹായരാണ് വനപാലകര്‍. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലൂടെയാണ് വനംവകുപ്പ് കടന്നു പോകുന്നത്. വനസംരക്ഷണ പ്രവര്‍ത്തകരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന സംഭവങ്ങളും ഈയിടെ ഉണ്ടായി.

എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്ന് സംഭവങ്ങള്‍ വഷളാക്കുകയാണെ ധാരണ ജീവനക്കാര്‍ക്കിടയിലുമുണ്ട്. വനനിയമത്തിലെ നൂലാമാലകളും നഷ്ടപരിഹാരം സംബന്ധിച്ച അവ്യക്തതയും വനസംരക്ഷണം അലങ്കോലപ്പെടുത്തുകയാണിവിടെ.

കടുവകളുടെ വംശവര്‍ധനവാണ് അവയുടെ കാടിറക്കത്തിന് കാരണമെ പ്രചാരണമുണ്ടെങ്കിലും ഇത് അസത്യമാണെ നിലപാടാണ് വനംവകുപ്പിനുള്ളത്. കാലാവസ്ഥാവ്യതിയാനവും ഭക്ഷണത്തിലുണ്ടാകുന്ന ശോഷണവും മാത്രമല്ല കടുവകളുടെ ഇണചേരല്‍ സമയവും പ്രായാധിക്യം മൂലം ഇരതേടാന്‍ കഴിയാത്തതും അവയുടെ നാടിറക്കത്തിന് കാരണമാണ്. കൃത്യമായ പരിഹാരം നിര്‍ദേശിക്കാന്‍ വിദഗ്ധര്‍ക്ക് പോലും കഴിയാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തെ എങ്ങിനെ നേരിടുമെ ഉത്കണ്ഠയിലാണ് വനംവകുപ്പ് അധികൃതര്‍.

ബത്തേരിയിൽ ജനങ്ങളുടെ പ്രതിഷേധം, ഫോട്ടോ : ജിതേഷ് ചീരാൽ

രാഷ്ട്രീയ ലാഭത്തിനായി വനവിഷയങ്ങളെ ഉപയോഗിക്കാനുള്ള ശ്രമം മുഖ്യധാരാരാഷ്ട്രിയ കക്ഷികള്‍ നിരന്തമായി തുടരുകയാണ്. ശാസ്ത്രീയമായ വൈല്‍ഡ്‌ലൈഫ് മാനേജ്‌മെന്റിലൂടെ പരിഹാരം തേടേണ്ട ഈ വിഷയത്തില്‍ നൂതനമായതൊും മുന്നോട്ടു വെയ്ക്കാനാകാതെ കുഴങ്ങുകയാണ് അധികൃതര്‍. ഒപ്പം പ്രകൃതിസ്‌നേഹികളും.

വനാതിര്‍ത്തിഗ്രാമങ്ങളിലനുഭവപ്പെടുന്ന വന്യമൃഗശല്യം പരിഹരിക്കണമൊവശ്യപ്പെട്ട് ബി ജെ പി ശനിയാഴ്ച ബത്തേരി താലൂക്കില്‍ഹര്‍ത്താല്‍പ്രഖ്യാപിച്ചു. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ജില്ലാ സെക്രട്ടറി സജീവ് ശങ്കർ കുറ്റപ്പെടുത്തി.  കോൺഗ്രസ് ഉൾപ്പടെയുളള​ പ്രതിപക്ഷ പാർട്ടികൾ ഹർത്താലിൽ നിന്നും വിട്ടുനിൽക്കുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ ജനവികാരത്തിനൊപ്പമാണെന്ന്  അവർ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Tiger again in wayanad people protest