കൊല്ലം: ഭർതൃവീട്ടിൽ വച്ച് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലപ്പെട്ട തുഷാരയുടെ ഭർതൃപിതാവ് ലാല്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തേക്കും. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടിൽ തുഷാരയാണ് (26) മനസിനെ മരവിപ്പിച്ച ക്രൂരതക്കൊടുവിൽ കഴിഞ്ഞ മാസം 21ന് മരിച്ചത്. ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതാ ലാലും മൃഗീയമായി പീഡനത്തിന് ഇരയാക്കുകയും പട്ടിണിക്ക് ഇടുകയും ചെയ്തതിനെ തുടര്‍ന്നാണ് തുഷാര മരിച്ചത്.
ചന്തുലാലിന്റെ സഹോദരിയും തുഷാരയുടെ മര്‍ദ്ദനത്തിന് ഇരയാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹോദരിക്കെതിരേയും കേസെടുത്തേക്കും. ഏതെങ്കിലും ദുര്‍മന്ത്രവാദിയുടെ ഇടപെടലും പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ പൂജാമുറിയില്‍ തുഷാരയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റേയും വിവാഹം. വിവാഹസമയത്ത് 20 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് പറയുകയും 20പവൻ നൽകുകയും ചെയ്തു. മൂന്നു മാസം കഴിഞ്ഞപ്പോൾ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. ചന്തുലാൽ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെ തുഷാരയുടെ കുടുംബം ബാക്കി രണ്ടു ലക്ഷം രൂപ നൽകിയില്ല. ഇതിനെ തുടർന്നാണ് ചന്തുലാലും മാതാവും ചേർന്ന് തുഷാരയെ പീഡിപ്പിക്കാൻ തുടങ്ങിയത്. വീട്ടിൽ പോകാനോ വീട്ടുകാരെ ഫോണിൽ വിളിക്കാനോ തുഷാരയെ അനുവദിച്ചില്ല.
ഭക്ഷണവും ചികിത്സയും നിഷേധിച്ച തുഷാര മരിക്കുമ്പോള്‍ വെറും 20 കിലോ മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്. രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു തുഷാര. പഞ്ചസാര വെളളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു തുഷാരയ്ക്ക് ചന്തുലാലും ഗീതയും നല്‍കിയിരുന്നത്. ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയില്‍ എത്തിച്ചില്ല. കൂടാതെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ബോധക്ഷയത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ക്രൂരത പുറത്തായത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.