അജ്മാൻ: യുഎഇയിൽ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. തുഷാർ ജയിൽ മോചിതനായി.
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന് പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇത് മറച്ച് വച്ച് ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇയാൾ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അജ്മാനിലെ ഒരു ഹോട്ടലിൽ ഇത് സംബന്ധിച്ച് സംസാരിക്കാനെത്തിയ തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also: തുഷാർ വെള്ളാപ്പളളിയുടെ അറസ്റ്റ്: വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു
വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ നടത്തിപ്പ് ഉണ്ടായിരുന്ന കാലത്ത് നൽകിയ കേസിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തിയിരുന്നു. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിയിരുന്നു അറസ്റ്റ്.
നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മനഃപൂർവ്വം കുടുക്കിയതാണെന്നാണ് പിതാവും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തുഷാർ വെള്ളാപ്പളളിയുടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടിരുന്നു. നിയമപരിധിക്കുളളിൽനിന്നുകൊണ്ട് സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് കത്തയച്ചു. കസ്റ്റഡിയിലുളള തുഷാറിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.