കൊച്ചി: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, വിവിധ സാമുദായിക സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന വനിതാ മതിലിന് ബിജെപിയുടെ സഖ്യകകക്ഷിയായ ബിഡിജെഎസ് പിന്തുണ. വനിതാ മതിലിൽ പങ്കെടുക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി പറഞ്ഞു.

വനിതാ മതിൽ ശബരിമലയ്ക്ക് എതിരല്ലെന്നും അതിനാലാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ ജ്യോതിയിൽ നിന്ന് വിട്ടുനിന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്ന് തുഷാർ വെളളാപ്പള്ളി പറഞ്ഞു. ബിജെപിയോ എൻഡിഎയോ നടത്തിയ പരിപാടിയല്ല അയ്യപ്പ ജ്യോതിയെന്നാണ് തുഷാർ ഇതിന് മറുപടി നൽകിയത്. ശബരിമല വിഷയത്തിൽ എൻഡിഎ നടത്തുന്ന പരിപാടിയിൽ മാത്രം സഹകരിച്ചാൽ മതിയെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാനുളള ക്ഷണം ലഭിച്ചത് ഇന്നലെ ഉച്ചയ്ക്കാണെന്ന് തുഷാർ പറഞ്ഞു. പാർട്ടി നേതാക്കൾക്ക് കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരിപാടിയിൽ പങ്കെടുക്കാൻ ബിഡിജെഎസ് നേതൃത്വം ചർച്ച ചെയ്ത് തീരുമാനം എടുക്കണം. അതിനുളള സമയം ലഭിച്ചില്ലെന്നും, അതിനാലാണ് വിട്ടുനിന്നതെന്നും എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെ പ്രസിഡന്റായ തുഷാർ പ്രതികരിച്ചു.

Read: ശബരിമല കർമ്മസമിതി കേരളമാകെ അയ്യപ്പ ജ്യോതി തെളിയിച്ചു

അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കണമെന്നോ പങ്കെടുക്കരുതെന്നോ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നില്ല. അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത ബിഡിജെഎസ് പ്രവർത്തകർക്കെതിരെയോ എസ്എൻഡിപി യോഗം പ്രവർത്തകർക്കെതിരെയോ നടപടി ഉണ്ടാവില്ല. ബിഡിജെഎസ് വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Read More: ഡിവൈഎഫ്ഐ വനിതകളുടെ ബൈക്ക് റാലിയും അയ്യപ്പജ്യോതിയും മുഖാമുഖം

ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിയിച്ചത്. പതിനായിരങ്ങളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പ ജ്യോതിക്കായി അണിനിരന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിന് ബദലായാണ് ശബരിമല കർമസമിതി അയ്യപ്പ ജ്യോതി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിലെ ഹൊസങ്കടിയിൽ നിന്നാണ് ജ്യോതി തുടങ്ങിയത്. തിരുവനന്തപുരം കളിയിക്കാവിളയിലാണ് അയ്യപ്പ ജ്യോതി തെളിയിച്ച അവസാന ഇടം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ