അജ്മാന്‍: യുഎഇയില്‍ ചെക്ക് കേസില്‍ പ്രതിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലേക്ക് മടങ്ങുന്നതിനായി ശ്രമങ്ങള്‍ ആരംഭിച്ചു. ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. അതിനാല്‍ തന്നെ കേസ് നടക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാന്‍ തുഷാറിന് സാധിച്ചിരുന്നില്ല. യുഎഇ പൗരന്റെ ആള്‍ജാമ്യത്തില്‍ കേരളത്തിലേക്ക് മടങ്ങാനാണ് തുഷാര്‍ ശ്രമിക്കുന്നത്. യുഎഇ പൗരന്റെ ആള്‍ജാമ്യമുണ്ടെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് തുഷാറിന് നിയമോപദേശം ലഭിച്ചു. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടാനാണ് തുഷാര്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്.

Read Also: ചെക്ക് കേസ്; തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി, ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം

ചെക്ക് കേസിൽ പ്രോസിക്യൂഷന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നെങ്കിലും ഇരുകൂട്ടരും തമ്മില്‍ ധാരണയായില്ല. ഒത്തുതീര്‍പ്പിന്റെ ഭാഗമായി തുഷാര്‍ മുന്നോട്ടുവച്ച തുക അംഗീകരിക്കാന്‍ നാസിര്‍ തയ്യാറായില്ല. ഇതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം, വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിയുകയാണ്. പരാതിക്കാരനായ നാസില്‍ തന്റെ ചെക്ക് മോഷ്‌ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നാസില്‍ ചെക്ക് മോഷ്‌ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട്, മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.

Read Also: ശ്രീധരന്‍ പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കിയത് ശരിയായില്ല: വെള്ളാപ്പള്ളി നടേശന്‍

ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പൊലീസ് സ്‌റ്റേഷനില്‍ തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇത് മറച്ച് വച്ച് ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇയാൾ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തി. അജ്മാനിലെ ഒരു ഹോട്ടലിൽ ഇത് സംബന്ധിച്ച് സംസാരിക്കാനെത്തിയ തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ നടത്തിപ്പ് ഉണ്ടായിരുന്ന കാലത്ത് നൽകിയ കേസിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തിയിരുന്നു. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലായിരുന്നു അറസ്റ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.