ദുബായ്: യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി. കേസില്‍ നിന്ന് മോചിതനായതിനെ തുടര്‍ന്നാണ് തുഷാറിന് കേരളത്തിലേക്ക് തിരിക്കാന്‍ സാധിച്ചത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് തുഷാര്‍ എത്തിയത്. രാവിലെ 9.15 ന് തുഷാര്‍ നെടുമ്പാശേരിയിലെത്തി. വിമാനത്താവളത്തില്‍ വച്ച് എസ്എന്‍ഡിപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ സ്വീകരണം നൽകി. എസ്എൻഡിപി, ബിഡിജെഎസ് മുതിർന്ന നേതാക്കളും പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

വ്യാഴാ‌ഴ്‌ച ദുബായില്‍ നിന്ന് തിരിക്കാനാണ് തുഷാര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍, വിമാനം വൈകിയതോടെ യാത്ര മാറ്റിവച്ചു. വെള്ളിയാഴ്ച കേരളത്തില്‍ ചതയദിനാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ യാത്ര ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Read Also: യൂസഫലി ഇടപെട്ടു; തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

തുഷാറിനെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടായത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് നേരത്തെ കോടതിയില്‍ ജാമ്യമായി സമര്‍പ്പിച്ചിരുന്നെങ്കിലും അതും കഴിഞ്ഞദിവസം തിരിച്ചുനല്‍കി. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയ്ക്ക് കേസ് തെളിയിക്കാനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്‌മാൻ കോടതി കേസ് തള്ളിയത്. ചെക്ക് കേസ് നൽകിയ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്‌ക്കെതിരേ തുഷാർ യുഎഇയിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.