അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല മറ്റ് പലര്‍ക്കും പണം നല്‍കാനുണ്ടെന്ന് വണ്ടിച്ചെക്ക് കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. ഭയം മൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. തനിക്ക് സുരക്ഷാ ഭീഷണിയുണ്ട്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് കേസ് നല്‍കേണ്ടി വന്നതെന്നും നാസില്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍, പണം മുഴുവന്‍ കിട്ടാതെ കേസില്‍ നിന്ന് പിന്മാറില്ലെന്നും നാസില്‍ പറഞ്ഞു.
കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ സമീപിച്ചിരുന്നു. എന്നാല്‍, ഘടകകക്ഷി നേതാവാണെന്നും അതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞതായും നാസില്‍ വെളിപ്പെടുത്തി. ചെക്ക് മോഷ്ടിച്ചതല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും പറഞ്ഞ നാസില്‍ തനിക്ക് രാഷ്ട്രീയ പിന്‍ബലമില്ലെന്നും വ്യക്തമാക്കി.
അതേസമയം, പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. ജാമ്യത്തിലിറങ്ങിയ തുഷാര്‍ ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുമായി തുഷാര്‍ ഫോണില്‍ സംസാരിച്ചു. ഒത്തുതീര്‍പ്പ് ഇല്ലെങ്കില്‍ മാത്രമേ കേസുമായി ഇനി മുന്നോട്ടുപോകൂവെന്ന് നാസിലും പറഞ്ഞിട്ടുണ്ട്. തുഷാർ നാസിലുമായി ആദ്യഘട്ട ചർച്ച നടത്തി. ആദ്യഘട്ട ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് തുഷാർ പറഞ്ഞു. അടുത്ത ദിവസം വീണ്ടും ചർച്ച നടത്തുമെന്നും തുഷാർ പറഞ്ഞു.
Read Also: യൂസഫലി ഇടപെട്ടു; തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം
കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് തുഷാറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥലവിൽപനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. എന്നാൽ, അതിനു പിന്നാലെയാണ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് തുഷാർ തയ്യാറായിരിക്കുന്നത്.
തുഷാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ഇന്നലെ പറഞ്ഞിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണ്. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.