തൃശൂര്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ നിന്ന് ജനവിധി തേടിയേക്കും. ബിജെപിക്ക് വേരോട്ടമുള്ള തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി നില്‍ക്കുന്നത് ഈഴവ വോട്ടുകള്‍ കൂടി സ്വന്തമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

തൃശൂരില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ മത്സരിക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നാല് സീറ്റുകളാണ് ബിജെപി ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് ഏറെ സാധ്യത കല്‍പ്പിക്കുന്ന സീറ്റുകളിലൊന്നാണ് തൃശൂര്‍. എസ്എന്‍ഡിപിയുടെ പിന്തുണ കൂടി ബിജെപിക്ക് ലഭിച്ചാല്‍ തൃശൂരില്‍ മികച്ച പോരാട്ടം നടത്താന്‍ സാധിക്കുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍.

എന്നാല്‍, തൃശൂര്‍ സീറ്റ് ബിജെപിക്ക് വേണമെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്. കെ.സുരേന്ദ്രന് തൃശൂര്‍ നല്‍കണമെന്ന് മുരളീധര പക്ഷം ആവശ്യപ്പെടുന്നു. അതിനാല്‍, വേണ്ടത്ര കൂടിയാലോചനകള്‍ക്ക് ശേഷമേ സീറ്റ് ആര്‍ക്ക് നല്‍കണമെന്ന് പാര്‍ട്ടി നേതൃത്വം അന്തിമ തീരുമാനമെടുക്കൂ. നിലവില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെയായിരിക്കും ശക്തന്റെ തട്ടകത്തില്‍ സ്ഥാനാര്‍ത്ഥിയായെത്തുക എന്ന് സൂചനകളുണ്ട്. പത്തനംതിട്ടയിലായിരിക്കും സുരേന്ദ്രന്‍ ജനവിധി തേടുക.

സിപിഐയുടെ രാജാജി മാത്യു തോമസാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ടി.എന്‍.പ്രതാപന്‍ വരാനാണ് സാധ്യത. 15 നകം കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ