scorecardresearch
Latest News

ദലിതരെ വഴിയാധാരമാക്കുന്ന റോഡ്‌ വികസനത്തിന്റെ ‘തുരുത്തി മാതൃക’

ഇരുപത്തിയൊമ്പതോളം വരുന്ന ദലിത് കുടുംബങ്ങളെ പലായനത്തിന്റെ പാതയിലേക്ക് തള്ളിവിടുന്നതാണ് ജൈവ വൈവിധ്യ സംരക്ഷണ പരിധിയില്‍ വരുന്ന കണ്ണൂരിലെ തുരുത്തിയിലെ സ്ഥലമെടുപ്പും ദേശീയപാതാ വികസനവും.

കണ്ണൂര്‍ : പാപ്പിനിശ്ശേരിക്കടുത്ത് വളപട്ടണം പുഴയോട് ചേര്‍ന്ന തുരുത്തിയിലെ ദലിത്രായ കോളനിയിലെ ജനങ്ങള്‍ കഴിഞ്ഞ ഇരുപത്തിയാറ് ദിവസമായി സമരത്തിലാണ്. ദേശീയപാതാ വികസനത്തിനായി തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നുവെന്നും ഇരുപത്തിയൊമ്പതോളം വരുന്ന കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരും എന്നും അറിഞ്ഞതോടെയാണ് തുരുത്തിയിലെ സമരം ആരംഭിക്കുന്നത്. പ്രദേശത്തിന്റെ പാരിസ്ഥിതികമായ സവിശേഷതകളെ ദേശീയപാതാ വികസനം ഇല്ലാതാക്കും എന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനതയെ തെരുവിലിറക്കുന്ന ‘തുരുത്തി മോഡല്‍’ വികസനത്തിലെ വംശീയത ആണെന്നും കോളനിവാസികള്‍ ആരോപിക്കുന്നു.

കുടിയൊഴിപ്പിക്കലിന്റെ പാലായനപാതകള്‍

വളപട്ടണം പുഴയോരത്ത് കണ്ടല്‍കാട് നട്ടുപിടിപ്പിച്ച പൊക്കുടന്റെ കൂടെപ്പിറപ്പുകളും ചെറുമക്കളുമാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ തുരുത്തിയിലെ ജനങ്ങള്‍. കണ്ണൂര്‍- കാസര്‍ഗോഡ്‌ ജില്ലകളിലായുള്ള 360 പുലയ സെറ്റില്‍മെന്റ് കോളനികളില്‍ ഒന്നാണ് തുരുത്തിയിലേത്. പുലയസമുദായത്തില്‍ പെട്ട ഇരുപത്തിയൊമ്പതോളം കുടുംബങ്ങളാണ് ഇവിടത്തെ കഴിയുന്നത്. വളപട്ടണം പുഴയുടെ തീരത്തായി നീര്‍ക്കെട്ടിനും അല്‍പം ഉയര്‍ന്നതാണ് ഇവിടത്തെ ഭൂപ്രകൃതി.

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌ അതിരുകള്‍ – 2008

2006 മുതല്‍ തന്നെ ദേശീയ പാതാ വികസനവുമായ് ബന്ധപ്പെട്ട് സ്ഥലമെടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് അതിന്റെ സര്‍വേ നടപടികള്‍ ആരംഭിക്കുന്നത്. വളപട്ടണം പാലം മുതല്‍ വേളാപുരം വരെയുള്ള പ്രദേശത്തെ ബന്ധിക്കുന്ന തരത്തില്‍ നേരെ പോകാവുന്ന റോഡ്‌ ആയിരുന്നു ദേശീയപാതാ അതോറിറ്റി ആദ്യ രണ്ട് അലൈന്‍മെന്റിലും മുന്നോട്ട് വച്ചത്. എന്നാല്‍ മൂന്നാമത്തെ അലൈന്‍മെന്റ് വരുന്നതോട് കൂടി കാര്യങ്ങള്‍ തിരിഞ്ഞുമറിയുകയായി. നേരെ പോയിരുന്ന റോഡ്‌ നാലിടങ്ങളില്‍ വളയുന്നു. കോളനിവാസികളെ കുടിയൊഴിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് അലൈന്‍മെന്റുകളില്‍ ഈ വളവുകള്‍ വരുത്തിയത് എന്ന് പാപ്പിനിശ്ശേരി തുരുത്തി എന്‍എച്ച് ആക്ഷന്‍ കമ്മറ്റി ആരോപിക്കുന്നു.

” ദേശീയപാതാ അതോറിറ്റി പുറത്തുവിട്ട ആദ്യ രണ്ട് അലൈന്‍മെന്റിലും ഇല്ലാതിരുന്ന വളവായിരുന്നു മൂന്നാമത്തെ അലൈന്‍മെന്റില്‍ ഉണ്ടായത്. റോഡിന്റെ പണി അഞ്ഞൂറ് മീറ്ററോളമായി വര്‍ദ്ധിക്കുന്നതാണ് ഈ വളവ്. കുറച്ച് പടിഞ്ഞാറോട്ട് മാറിയാല്‍ നേരെ പോകാവുന്ന റോഡാണ് ഇരുപത്തിയൊമ്പതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാക്കി കൊണ്ട് നാലിടത്ത് വളച്ചിരിക്കുന്നത്. നാനൂറ് വര്‍ഷം പഴക്കമുള്ള കോട്ടം(കാവ് പാരമ്പര്യത്തിലുള്ള ആരാധനാകേന്ദ്രം) ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി.” എന്‍എച്ച് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ നിഷില്‍ കുമാര്‍ ആരോപിച്ചു.

ഏപ്രില്‍ ഇരുപത്തിയഞ്ചാം തീയതിയാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ആദ്യ സര്‍വേ നടക്കുന്നത്. സര്‍വേക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം വരുന്ന നൂറോളംപേരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയുണ്ടായി. വൈകുന്നേരം സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് കരുതല്‍ തടങ്കിലടച്ച ഇവരെ പുറത്തുവിട്ടത്. മാഹിയില്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ നടക്കുകയും കണ്ണൂരിലെ വിവിധ പ്രദേശങ്ങളില്‍ അക്രമ സംഭവങ്ങള്‍ നടക്കുകയും ചെയ്ത ദിവസം തന്നെ സര്‍വേ നടത്താന്‍ തീരുമാനിച്ചത് ‘ഈ കുടിയൊഴിപ്പിക്കല്‍ ആസൂത്രിതമാണ് എന്നതിന്റെ തെളിവാണ്’ എന്ന് ആക്ഷന്‍ കമ്മറ്റി ആരോപിക്കുന്നു.

ഏപ്രില്‍ ഇരുപത്തിയാറാം തീയതി മുതലാണ്‌ തുരുത്തിയിലെ ‘കുടില്‍കെട്ടി സമരം’ ആരംഭിക്കുന്നത്. നേരെയെടുത്താല്‍ ഒരാള്‍ക്ക് പോലും ഭൂമി നഷ്ടമാകാത്തയിടത്ത് എന്തിനാണ് ഇരുപത്തിയൊമ്പതോളം കുടുംബത്തെ വഴിയാധാരമാക്കുന്നത് എന്നാണ് ദേശീയ പാതാ വികസനത്തിനെതിരല്ല തങ്ങള്‍ എന്ന് പറയുന്ന ജനങ്ങള്‍ ആരായുന്നത്. ഇതുസംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് അവര്‍ പരാതിപ്പെടുന്നു.

” കളക്ടറെ കണ്ടപ്പോള്‍ ‘നോ മോര്‍ കമന്റ്സ് ഓണ്‍ അലൈന്‍മെന്റ്’ എന്ന് ഇംഗ്ലീഷില്‍ മറുപടി തന്നു. പഞ്ചായത്ത് വിഷയത്തില്‍ വേണ്ടവിധം ഇടപെട്ടിട്ടില്ല. തന്നെ അറിയിക്കാതെയാണ് സര്‍വേ നടത്തിയത് എന്ന് സ്ഥലം എംഎല്‍എ ആയ കെഎം ഷാജിയും അറിയിച്ചു.” ആക്ഷന്‍ കമ്മറ്റി പ്രസിഡന്റ് കെ സിന്ധു പറഞ്ഞു.

ഓരോരുത്തരും വ്യക്തിപരമായി തങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ എഴുതി നല്‍കാനാണ് കളക്ടര്‍ നിര്‍ദേശിച്ചത്. സര്‍വേ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ വച്ച് കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ” പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചെങ്കിലും ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത് യോഗം കഴിഞ്ഞു എന്നാണ്. ” നിഷില്‍ കുമാര്‍ ആരോപിച്ചു.

ദേശീയപാതാ വികസനത്തിനായ് തുരുത്തി എന്‍എച്ച് ആക്ഷന്‍ കമ്മറ്റി മുന്നോട്ടുവെക്കുന്ന മാതൃക

പാപ്പിനിശ്ശേരിയിലെ ഏറ്റവും പ്രാചീന സമുദായമാണ് പുലയര്‍ എന്നും സാമൂഹികമായ ആവശ്യം പ്രമാണിച്ച് നാടുവാഴികളാലും സമുദായപ്രമാണികളാലും കൊണ്ടുവന്ന് പ്രദേശത്ത് അതിവസിച്ചവരാണ് ഇവര്‍ എന്നുമാണ് 2008ല്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ പ്രാദേശിക ചരിത്രത്തില്‍ പ്രതിപാദിക്കുന്നത്.

ദേശീയപാതാ വികസനം എന്ന പേരില്‍ കോളനികള്‍ കുടിയൊഴിപ്പിച്ച് കൊണ്ട് ഭരണകൂടം നടത്തുന്നത് ‘ഇരട്ട വിവേചനം’ ആണ് എന്നാണ് ചലച്ചിത്ര പ്രവര്‍ത്തകനും ദലിത് ആക്റ്റിവിസ്റ്റുമായ രൂപേഷ് കുമാര്‍ ആരോപിക്കുന്നു.

” അടിമവ്യവസ്ഥയിലുണ്ടായിരുന്ന ദലിതനെ മൂന്ന് സെന്റ്‌ കോളനികളിലേക്ക് അതിവസിപ്പിക്കുക എന്നതാണ് ഭൂ പരിഷ്കരണവും മറ്റും നടപ്പിലാക്കിയപ്പോള്‍ ഇവിടെ സംഭവിച്ച കാര്യം. വംശീയമായി തന്നെ നടപ്പിലാക്കിയ കോളനിവത്കരണം ആയിരുന്നു ഇത്. ഭൂരിപക്ഷം കാര്‍ഷകരും മത്സ്യതൊഴിലാളികളുമായ കണ്ണൂരിലെ പുലയരൊക്കെ ഇങ്ങനെയുള്ള കോളനികളില്‍ ജീവിക്കുന്നവരാണ്. ആദ്യമേ വിവേചനത്തോടെ മാറ്റിപ്പാര്‍പ്പിച്ചവരാണ് ഈ ജനങ്ങള്‍. ഇപ്പോള്‍ പറയുന്നത് വികസനത്തിന്റെ പേരില്‍ അവരുടെ വീടും ഭൂമിയും ഓര്‍മകളും ആചാരങ്ങളും ശ്മശാനങ്ങളും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യണം എനാണ്. ‘ഇരട്ട വിവേചനം’ എന്നാണ് ഇതിനെ ഞാന്‍ മനസ്സിലാക്കുന്നത്.” രൂപേഷ് കുമാര്‍ പറഞ്ഞു.

തുരുത്തിയുടെ കണ്ടല്‍ ജീവിതങ്ങള്‍

സാംസ്കാരികവും സാമൂഹികവുമായ അപരവത്കരണം മാത്രമല്ല പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ കൂടി ഉണ്ടാക്കുന്നതാണ് തുരുത്തി മാതൃക എന്നാണ് കല്ലേല്‍ പൊക്കുടന്റെ മകനായ ആനന്ദന്‍ പൈതലന്‍ പറയുന്നത്. “ദലിതര്‍ക്ക് ഭരണഘടനാപരമായി നല്‍കേണ്ടതായ പരിഗണന ദേശീയപാതാ അതോറിറ്റിക്ക് ഇല്ല എന്ന് പറയുമ്പോള്‍ തന്നെ ഇത് കേവലമൊരു ദലിത് സമരമല്ല. എട്ട് ഏക്കറോളം വരുന്ന ചതുപ്പ് പ്രദേശത്തിലായി അപൂര്‍വവും സംരക്ഷിക്കപ്പെടേണ്ടതുമായ ജൈവവൈവിധ്യമാണുള്ളത്. വളപട്ടണം പുഴയ്ക്ക് ഒരമായുള്ള പ്രദേശത്ത് ഒരു മേല്‍പാലം പണിയുക, ജൈവസമ്പത്ത് സംരക്ഷിക്കുക എന്ന സാധ്യത പോലും വേണ്ടപ്പെട്ടവര്‍ ചര്‍ച്ച ചെയ്യുന്നുപോലുമില്ല.” പദ്ധതി പൂര്‍ത്തിയാക്കുന്നതോട് കൂടി കാനാം പുഴയ്ക്കും കക്കാട് പുഴയ്ക്കും സംഭവിച്ചത് തന്നെയാണ് വളപട്ടണം പുഴയ്ക്കും സംഭവിക്കുക എന്ന് ആനന്ദന്‍ പൈതലന്‍ കൂട്ടിച്ചേര്‍ത്തു.

തുരുത്തിയിലെ കോട്ടം സന്ദര്‍ശിക്കുന്ന ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍

കണ്ണൂര്‍ ജില്ലയില്‍ മുണ്ടേരിയില്‍ നിന്നും ആരംഭിച്ച് ആറ്റടപ്പ- ആദികടലായി വഴി ഒഴുകി അറബികടലില്‍ അവസാനിക്കുന്നതായിരുന്നു കാനാം പുഴ. വളപട്ടണം പുഴയുടെ കൈവഴിയാണ് കക്കാട് പുഴ. കാട്ടാമ്പള്ളി ഡാമിന്റെതടക്കമുള്ള അശാസ്ത്രീയ നിര്‍മാണങ്ങള്‍, തണ്ണീര്‍തടം നികത്തല്‍, അതിവേഗത്തിലുള്ള നഗരവത്കരണം എന്നിവയുടെ പരിണിതഫലമായാണ് ഈ രണ്ട് പുഴകളുടെയും മരിക്കുന്നത്.

പാപ്പിനിശേരി പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശം നീര്‍ത്തട ജൈവ വൈവിധ്യ സംരക്ഷണ പരിധിയില്‍ വരുന്ന ചുള്ളി, ഉപ്പൂറ്റി, ചെറു ഉപ്പൂറ്റി, കണ്ണാംമ്പൊട്ടി, മച്ചിന്‍ തോല്‍, കോഴിയപ്പ, പേനക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍, ചക്കരക്കണ്ടല്‍ തുടങ്ങിയ അപൂര്‍വയിനം സസ്യങ്ങളുടെയും നിരവധി സൂക്ഷ്മ ജീവികളുടെയും ആവാസകേന്ദ്രമാണ്.

തുരുത്തിയിലെ ജൈവവൈവിധ്യത്തോടൊപ്പം തന്നെ ഭീഷണി നേരിടുന്നത് ചില പാരമ്പര്യ തൊഴില്‍മേഖലകള്‍ക്ക് കൂടിയാണ്. കക്കവാരല്‍, തടുക്കല്‍, വലയിളക്കല്‍, ചെമ്മീന്‍ തിരക്കല്‍, വക്കകല്‍ എന്നീ തൊഴിലുകള്‍ ആശ്രയിച്ചാണ് ജൈവസമ്പന്നമായ കണ്ടല്‍- നീര്‍ത്തട വനത്തിന്മേല്‍ പാരംമ്പര്യാവകാശമുള്ള ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്.

സര്‍ക്കാരും ദേശീയപാതാ അതോറിറ്റിയും പല കാര്യങ്ങളിലും തിരുത്തല്‍ വരുത്തേണ്ടതുണ്ട് എന്നാണ് തുരുത്തിയിലെ ദലിതര്‍ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ പരിരക്ഷ ലഭിക്കേണ്ടതായ ദുര്‍ബല ജനവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തിയും സ്വത്തിനും ജീവനും സംരക്ഷണം നല്‍കിയും വേണം വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ എന്നാവശ്യപ്പെടുന്ന തുരുത്തി എന്‍എച്ച് ആക്ഷന്‍ കമ്മറ്റി. മേല്‍പാലം നിര്‍മിച്ചുകൊണ്ട്‌ ജനങ്ങളെയും പരിസ്ഥിതിയെയും ആഘാതങ്ങള്‍ ഇല്ലാതെ സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശവും മുന്നോട്ടുവെക്കുന്നു. ‘തിരുത്തലാകണം തുരുത്തി’ എന്നതാണ് തുരുത്തിയില്‍ നിന്നും ഉയരുന്ന ആവശ്യവും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thuruthi national highway expansion leads to dalit expulsionutm_sourcefbiet_thuruthiutm_mediumsocial