ന്യൂഡല്‍ഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കനത്ത മഴയും ഇടിയും കാറ്റുമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും ചൊവ്വാഴ്‌ച വരെ കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ച ഉണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. പഞ്ചാബിലും ഹരിയാനയിലും ഇന്നും നാളെയും കനത്ത മഴയുണ്ടാകും.
ഡല്‍ഹി, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഹരിയാനയില്‍ രണ്ടു ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
കേരളത്തിലും പരക്കെ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ കനത്ത മഴ പെയ്യും. ഇടിമിന്നലിനും സാധ്യതയുണ്ട്. കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴി പടിഞ്ഞാറേക്ക് നീങ്ങി ലക്ഷദ്വീപിന് സമീപത്ത് എത്തി. ഇത് കാരണമാണ് കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നത്.