തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു പൊലീസ് സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. www.thuna.keralapolice.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യാം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം.

കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പൊലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പോലിസ് മാന്വല്‍, സ്റ്റാന്‍ഡിങ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി എന്നിവയും ഈ​ സൈറ്റിൽ ലഭിക്കും.

സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പൊലീസിന്റെ അനുവാദത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാധിക്കും. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. എസ്.എം.എസ്., ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസിനെ സാങ്കേതികവിദ്യയില്‍ മുന്നിലെത്തിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ സംവിധാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു. സംസ്ഥാനത്തെ 661 ഓഫീസുകളുമായി ഈ സംവിധാനത്തെ ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ എസ്.സി.ആര്‍.ബി. എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞു. എ.പി.ബറ്റാലിയന്‍ ഡി.ഐ.ജി. ഷെഫിന്‍ അഹമ്മദ് പദ്ധതി വിശദീകരണം നടത്തി.

നിലവിൽ​ പൊതുജനങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന രക്ഷ, സിറ്റിസണ്‍ സേഫ്ടി തുടങ്ങി മൊബൈല്‍ ആപ്ലിക്കേഷനുകള്‍, സി.സി.ടി.എന്‍.എസ്. സംവിധാനം, സൈബര്‍ നിരീക്ഷണത്തിനുള്ള സൈബര്‍ഡോം, ഡിജിറ്റല്‍ ഫോറന്‍സിക് സംവിധാനങ്ങള്‍, ഓഫീസ് സേവനങ്ങളുടെ കംപ്യൂട്ടര്‍വത്കരണം, ജില്ലകള്‍ക്കുള്‍പ്പെടെ ആധുനിക വെബ്‌സൈറ്റ്, ഫോട്ടോ ആര്‍ക്കൈവ് ഇങ്ങനെ നിരവധി കാര്യങ്ങള്‍ കേരളാ പൊലീസ് നടപ്പാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ