scorecardresearch

തൃശൂർ നഗരം ഭാഗികമായി അടച്ചു; ജൂലൈ അഞ്ച് വരെ കടുത്ത നിയന്ത്രണങ്ങൾ

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു

തൃശൂർ നഗരം ഭാഗികമായി അടച്ചു; ജൂലൈ അഞ്ച് വരെ കടുത്ത നിയന്ത്രണങ്ങൾ

തൃശൂർ: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക്. നഗരഹൃദയമായ തേക്കിൻക്കാട് ഡിവിഷനടക്കം കണ്ടെയ്ൻമെന്റ് സോണായതോടെയാണ് നഗരം ഭാഗികമായി അടച്ചത്. തൃശൂര്‍ കോര്‍പറേഷനിലെ ഏഴു ഡിവിഷനുകള്‍ ഇനിയുള്ള ഏഴു ദിവസം നിയന്ത്രിതമേഖലയാണ്.

കുന്നംകുളം നഗരസഭയിലെ ആറു വാര്‍ഡുകളും കാട്ടകാമ്പാല്‍ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കടകള്‍ അടച്ചിടും. പ്രധാന റോഡുകള്‍ ഒഴികെ ചെറിയ വഴികളെല്ലാം അടച്ചു. ശക്തന്‍ പച്ചക്കറി, മല്‍സ്യ മാര്‍ക്കറ്റുകളിലും സാമൂഹിക അകലം പാലിക്കണം. നിയന്ത്രിതമേഖലയിലൂടെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഓട്ടോകളും ഇവിടെ നിന്ന് യാത്രക്കാരെ കയറ്റരുത്. ജുലൈ അഞ്ചു വരെ ഈ നിയന്ത്രണം തുടരും.

Also Read: സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

ജില്ലയിലെ പ്രധാന സ്ഥലങ്ങളായ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കൊക്കാല ഡിവിഷൻ, ചിയ്യാരം സൗത്ത്, പാട്ടൂരയ്ക്കൽ, പള്ളിക്കുളം, ഒളരി, എൽ തുരുത്ത് എന്നിവിടങ്ങൾ നേരത്തെ തന്നെ കണ്ടെയ്ൻമെന്റ് സോണുകളാണ്. നഗരപ്രദേശങ്ങളിലൂടെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ക്ക് പൊലീസ് നിർദേശം നല്‍കി. കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആളുകള്‍ കൂടിയ പ്രദേശങ്ങളിലാണ് നിയന്ത്രിത മേഖലയായത്.

Also Read: കോവിഡ്: ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന് ആരോഗ്യ മന്ത്രി

അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾക്ക് മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ ഓഫീസ് പ്രവര്‍ത്തനം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്: മേയര്‍

കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മേയര്‍ അജിത ജയരാജന്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം മാതൃകാപരമായി നടത്തുന്ന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും മേയര്‍ പറഞ്ഞു.

സര്‍ക്കാരിനുവേണ്ടി കളക്ടര്‍ നിശ്ചയിച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വരുന്നവരെ സഹായിക്കാന്‍ നിശ്ചയിച്ച ശുചീകരണ തൊഴിലാളികള്‍ ജോലി ചെയ്തത് ഡിഎംഒ നിര്‍ദ്ദേശിച്ച മുന്‍കരുതല്‍ പ്രകാരമാണ്. രോഗ വിവരം അറിഞ്ഞ സമയം മുതല്‍ കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസും സോണല്‍ ഓഫീസും അണുവിമുക്തമാക്കി. സമ്പര്‍ക്കപ്പട്ടികയിലുളളവരെ നിരീക്ഷണത്തിലാക്കി. പ്രവേശനം നിയന്ത്രിക്കുകയും പൊതുജനങ്ങള്‍ സഹകരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പാലിച്ച് കോര്‍പ്പറേഷനില്‍ യോഗം ചേര്‍ന്നത്.

Read Also: കോവിഡ്-19 വാക്‌സിന്‍ മൂക്കില്‍ സ്‌പ്രേ ചെയ്യുന്നത് ഫലപ്രദം; ഒക്ടോബറിലെത്തും

കോര്‍പ്പറേഷന്‍ മെയിന്‍ കോമ്പൗണ്ടില്‍ കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസ്, ഇലക്ട്രിസിറ്റി വിഭാഗം, ജല വിഭാഗം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗം പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസ് വിഭാഗത്തില്‍ എഞ്ചിനീയറിംഗ്, ഹെല്‍ത്ത്, പ്ലാനിങ്, പട്ടികജാതി വികസന ഓഫീസ്, ജനറല്‍ കൗണ്‍സില്‍ വിഭാഗം, ജനന മരണ രജിസ്‌ട്രേഷന്‍ വിഭാഗം, ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഏതെങ്കിലും കാരണവശാല്‍ ആരെങ്കിലും അവധി എടുത്താല്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ആരോഗ്യ വിഭാഗത്തിലെ സൂപ്രണ്ടിന് കോവിഡ് സ്വീകരിച്ചതിനാല്‍ ആരോഗ്യവിഭാഗം അടച്ചാല്‍ ഈ രംഗത്ത് കോര്‍പ്പറേഷന്‍ 55 ഡിവിഷനിലും ജോലിചെയ്യുന്ന ജീവനക്കാര്‍ ജോലി ചെയ്യേണ്ടതില്ലെന്ന അവസ്ഥവരുമെന്നും മേയര്‍ പറഞ്ഞു.

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് പേര്‍ നെഗറ്റീവായി

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 25) 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശത്തു നിന്ന് വന്നവരും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ സ്വദേശിനിയായ തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരി (33 വയസ്സ്)ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ നെഗറ്റീവായി.

ജൂണ്‍ അഞ്ചിന് ഒമാനില്‍ നിന്ന് വന്ന പറപ്പൂര്‍ സ്വദേശി (28 വയസ്സ്, പുരുഷന്‍), ജൂണ്‍ 20 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (59 വയസ്സ്, പുരുഷന്‍), ജൂണ്‍ 23 ന് തിരുനെല്‍വേലിയില്‍ നിന്ന് വന്ന തെക്കുംകര സ്വദേശി (49 വയസ്സ്, പുരുഷന്‍), ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (42 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (29 വയസ്സ്, പുരുഷന്‍), ജൂണ്‍ 11 ന് ഗുജറാത്തില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (46 വയസ്സ്, പുരുഷന്‍), ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (46 വയസ്സ്, പുരുഷന്‍), ജൂണ്‍ 17 ന് ബഹറൈനില്‍ നിന്ന് വന്ന കരിക്കാട് സ്വദേശി (36 വയസ്സ്, പുരുഷന്‍), ജൂണ്‍ 21 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (37 വയസ്സ്, പുരുഷന്‍) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍.

രോഗം സ്ഥിരീകരിച്ച 134 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 16435 പേരില്‍ 16270 പേര്‍ വീടുകളിലും 165 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 24 പേരെയാണ് വ്യാഴാഴ്ച (ജൂണ്‍ 25) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 8 പേരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 184 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുളളത്. 1669 പേരെ വ്യാഴാഴ്ച (ജൂണ്‍ 25) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ക്കുന്നതിനൊടൊപ്പംതന്നെ 854 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 25) 283 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 8386 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതില്‍ 8001 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 385 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 2817 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 25) 417 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. ഇതുവരെ ആകെ 41813 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 184 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
വ്യാഴാഴ്ച (ജൂണ്‍ 25) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 482 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; പ്രചാരണം വാസ്തവ വിരുദ്ധം: ജില്ലാ കളക്ടര്‍

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണെന്ന രീതിയിലുളള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമാണ് അത് പ്രകാരമുളള നിയന്ത്രണങ്ങളുളളത്. ഇത് കര്‍ശനമായി പാലിക്കാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണം. മറ്റുളള സ്ഥലങ്ങളില്‍ നിലവില്‍ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുളള നിയന്ത്രണങ്ങള്‍ മാത്രമാണ് ബാധകം. മറിച്ചുളള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ജില്ലയില്‍ നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും കളക്ടര്‍ പറഞ്ഞു.

കോവിഡ് വ്യാപനം ചെറുക്കാന്‍ തൃശൂര്‍ സിറ്റി പോലീസിന്റെ ‘ഓപ്പറേഷന്‍ ഷീല്‍ഡ്’

ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കി തൃശൂര്‍ സിറ്റി പോലീസ്. ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ എന്ന പേരിലാണ് നടപടികള്‍ ഏകോപിപ്പിക്കുക. കോവിഡ് – 19 രോഗ സാധ്യത നിലനില്‍ക്കുന്നതായി സ്ഥിരീകരിച്ച പ്രദേശങ്ങളെ ജില്ലാ ദുരന്ത നിവാരണ വിഭാഗം കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചിട്ടുണ്ട്. തൃശൂര്‍ കോര്‍പ്പറേഷന്‍ 03, 28, 29, 30, 34, 41, 43, 35, 36, 39, 48, 49 ഡിവിഷനുകള്‍, കുന്ദംകുളം മുന്‍സിപ്പാലിറ്റി 07, 08, 11, 15, 19, 20 ഡിവിഷനുകള്‍, കാട്ടാകാമ്പാല്‍ (06, 07, 09), കടവല്ലൂര്‍ (14, 15, 16) ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളാണ്.

രോഗനിര്‍വ്യാപനത്തിനാവശ്യമായ നിയന്ത്രണ നടപടികള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമാക്കും. അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ.

അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല. ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 144 പ്രകാരം മൂന്നുപേരില്‍ കൂടുതല്‍ ആളുകളെ കൂട്ടംകൂടാന്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും യാത്രാ വാഹനങ്ങളും അനുവദിക്കില്ല. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കേണ്ടതാണ്. അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പെടുത്തി പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളില്‍ മൂന്ന് ഉപഭോക്താക്കളെ മാത്രമേ ഒരു സമയം അനുവദിക്കൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.

പ്ലാന്റേഷന്‍, നിര്‍മ്മാണ മേഖലകളില്‍ ജോലിയെടുക്കാനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരരുത്. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കച്ചവടം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. മെഡിക്കല്‍ ആവശ്യങ്ങള്‍, അവശ്യവസ്തുക്കളുടെ വിതരണം എന്നിവയ്‌ക്കൊഴികെ യാതൊരു വിധത്തിലുള്ള സഞ്ചാരവും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദിക്കില്ല. ശരിയായി മാസ്‌ക് ധരിക്കാത്തവരേയും അനാവശ്യമായി കൂട്ടംകൂടി നില്‍ക്കുന്നവരേയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.

വ്യാഴാഴ്ച രാവിലെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ തൃശൂര്‍ ഗരത്തില്‍ പോലീസ് സേനയുടെ റൂട്ട് മാര്‍ച്ച് നടന്നു. വിവിധ മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകള്‍ നടത്തി. വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നില്‍ കൂട്ടം കൂടി നിന്നവര്‍ക്കെതിരേയും മാസ്‌ക് ധരിക്കാതെ കാണപ്പെട്ടവര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിച്ചു.

വിവിധ പ്രദേശങ്ങളില്‍ വാഹന പരിശോധന, കോവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തല്‍, പോലീസ് പിക്കറ്റ് പോസ്റ്റുകള്‍, ക്വാറന്റൈന്‍ പരിശോധനകള്‍ തുടങ്ങിയവയ്ക്ക് ൃവണ്ടി പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു.

സാമൂഹിക അകലം പാലിക്കാത്തതിന് 44 കേസെടുത്തു

കോവിഡ് ലോക് ഡൗണിന്റെ ഭാഗമായി പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാത്തതിന് തൃശൂര്‍ സിറ്റി പോലീസ് 44 പേര്‍ക്കെതിരെ കേസെടുത്തു. ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍-124. കേസുകളില്‍ ഉള്‍പ്പെട്ട ആകെ ആളുകള്‍-180. കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍-75. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് കാണപ്പെട്ടവര്‍-320
കുന്ദംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും യാത്രക്കാരെ കയറ്റിയ ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സര്‍വ്വീസ് നടത്തിയ ഓട്ടോറിക്ഷകളില്‍ നിഷ്‌കര്‍ഷിച്ചതില്‍ കൂടുതല്‍ ആളുകളെ കയറ്റിയതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യ അകലം പാലിക്കാത്തതിന് 320 പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thrissur town and district covid update containment zone and hotspot guidelines