തൃശൂര്‍: തുല്യ ജോലിക്ക് തുല്യ കൂലിയെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും ബലരാമന്‍, വീരകുമാര്‍ റിപ്പോര്‍ട്ടുകളും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നു മുതല്‍. 44 ആശുപത്രികളിലെ നഴ്സുമാരാണ് സമരം ചെയ്യുന്നത്. അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാ വിഭാഗങ്ങളിലെയും നഴ്സുമാര്‍ പണിമുടക്കും. തൃശൂർ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജുകൾ അടക്കം മുപ്പതിലേറെ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്കുന്നത്.

സർക്കാർ നഴ്സുമാർക്ക് തുല്യമായ വേതനം നൽകണമെന്ന സുപ്രീം കോടതി വിധിയും സർക്കാർ കമ്മീഷനുകൾ നിർദേശിച്ചിട്ടുള്ള സേവന വേതന വ്യവസ്ഥകളും മാനേജ്മെന്റുകൾ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് സമരം. പനി പടരുന്ന സാഹചര്യത്തിൽ സമരം ഒഴിവാക്കാനായി തൃശൂർ ജില്ലാ കലക്ടർ നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

thrissur, nurses

സർക്കാർ നിശ്ചയിച്ച കുറഞ്ഞ വേതനമായ ഇരുപതിനായിരം രൂപ ശമ്പളം നൽകുകയോ അയ്യായിരം രൂപ ഇടക്കാല ആശ്വാസമായി വർധിപ്പിക്കുകയോ ചെയ്യണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു. കുറഞ്ഞ വേതനം നൽകാനാവില്ലെന്ന് പറഞ്ഞ മാനജ്മെന്റ് പരമാവധി 1800 രൂപ വർധിപ്പിക്കാമെന്ന നിലപാടിലുറച്ച് നിന്നു. ഇതോടെ ചർച്ച പരാജയപ്പെട്ടു. 27 ന് നടക്കുന്ന വ്യവസായ ബന്ധ സമിതിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം നല്‍കാന്‍ തയ്യാറാണെന്ന് കളക്ടറെ രേഖാമൂലം അറിയിക്കുന്ന മുറയ്‌ക്കോ മാസവേതനത്തില്‍ 5000 രൂപ ഇടക്കാലാശ്വാസമായി കൂടുതല്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയാലോ സമരത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറാമെന്ന് നഴ്‌സുമാര്‍ അറിയിച്ചു. എന്നാല്‍, ഇതിനോട് യോജിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തയ്യാറായില്ല. 1800 രൂപ ഇടക്കാലാശ്വാസം അനുവദിക്കാമെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. ഇതോടെ സമരവുമായി മുന്നോട്ടുപോകാൻ നഴ്‌സുമാര്‍ തീരുമാനിച്ചു.

ജില്ലാ ലേബര്‍ ഓഫീസര്‍ രാജീഷ് രാമചന്ദ്രനും യുഎന്‍എയെ പ്രതിനിധീകരിച്ച് ജാസ്മിന്‍ഷ, എം വി സുധീപ്, ബിബിന്‍ എന്‍ പോള്‍, ബെല്‍ജോ ഏലിയാസ്, അനീഷ് മാത്യു, ഷിപ്‌സണ്‍ തൊമ്മാന, തോമാച്ചന്‍ മഞ്ഞളി,  ജിസ്‌നോ എന്നിവരും മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഡോ.ബെന്നി ജോസഫ്, ഫാ.ടിജോ മുല്ലക്കര, ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്, ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, പോള്‍, ഡോ.അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ