തൃശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി നൽകി. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്കാണ് കോടതി നിര്‍ദേശം നൽകിയത്. കൂട്ടിക്കെട്ടിയ പടക്കം ദീപാവലിക്കു പൊടിക്കുന്നതു നിരോധിച്ചതിനാൽ പൂരത്തിനു മാലപ്പടക്കം പൊട്ടിക്കാനാകില്ലെന്നാണു പെസ്സോ നിലപാട്. പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പൂരം വെട്ടിക്കെട്ട് കഴിഞ്ഞ തവണത്തേതു പോലെ നടത്താന്‍ അനുമതി നല്‍കിയിരിക്കെ പുതിയ ഹര്‍ജി ആവശ്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തിയതെന്ന് ദേവസ്വം ഭാരവാഹികള്‍ പറയുന്നു.

നേരത്തേ മാലപ്പടക്കം ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇരുദേവസ്വങ്ങൾ നൽകിയ ഹർജി ജസ്റ്റിസ് എസ് എ ബോബ്‍ഡെ അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു.

മാലപ്പടക്കം പൊട്ടിക്കണോ വേണ്ടയോ എന്ന കാര്യം അതുമായി ബന്ധപ്പെട്ട ഏജൻസി തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഏതൊക്കെ പടക്കം പൊട്ടിക്കണമെന്നും, വേണ്ടെന്നും സുപ്രീംകോടതിക്ക് അനുമതി നൽകാനാകില്ലെന്നും അന്ന് ജസ്റ്റിസ് ബോബ്‍ഡെ നിരീക്ഷിച്ചു.

പൂരങ്ങളുടെ പൂരത്തിന് ഇന്നാണ് കൊടിയേറ്റം. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും തൊട്ടു പുറകെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. പൂരത്തില്‍ പങ്കാളികളാകുന്ന മറ്റ് ദേശക്ഷേത്രങ്ങളിലും കൊടികളുയരും. ഈ മാസം പതിമൂന്നിനാണ് തൃശൂര്‍ പൂരം.

രാവിലെ 11.15നും 11.45നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം നടന്നത്. കാനാട്ടുകര താഴത്തുപുരയ്ക്കൽ കുടുംബമാണ് രാജകാലം മുതല്‍ പൂരക്കൊടിമരത്തിന്‍റെ ആശാരി. 10 കോലും ആറ് വിരലുമാണ് തിരുവമ്പാടി കൊടിമരത്തിന്‍റെ ഉയരം. ഭൂമി പൂജ കഴി‍‌ഞ്ഞ് രാശി നോക്കി ലക്ഷണം പറ‍ഞ്ഞ ശേഷമാണ് കൊടി ഉയർത്തുക. മുകളിൽ നിന്ന് 13 വിരൽ താഴെയാണ് കൊടിക്കൂറ കെട്ടുന്നത്.

ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പ്രത്യേക പാസ് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യൂണിഫോമുമുണ്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.