തൃശൂർ: പൂരപ്രേമികൾക്ക് നിരാശപ്പെടേണ്ടിവരും. തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാവില്ല. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം. പൂരവിളംബരത്തിന് വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന കൊമ്പനാണ് എത്താറുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരം എറണാകുളം ശിവകുമാറാവും ഇത്തവണ തെക്കേനട തുറന്ന് പൂരവിളംബരം നടത്തുക. നെയ്‌തലക്കാവ് ക്ഷേത്രഭാരവാഹികൾ ഇത് സംബന്ധിച്ച തീരുമാനം എടുത്തുകഴിഞ്ഞു.

അതേസമയം, തൃശൂർ പൂരം പതിവ് പോലെ നടത്താൻ തീരുമാനിച്ചിരുന്നു. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ എല്ലാം പതിവുപോലെ നടക്കും. ആനകളുടെ എണ്ണം കുറയ്‌ക്കില്ല. എല്ലാ ആചാരങ്ങളും അതേപടി നടക്കും. പൂരം എക്‌സിബിഷനും അനുമതിയുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ എട്ട് ഘടക ക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്.
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും പൂരം നടത്തുക. ആളുകളെ നിയന്ത്രിക്കും. മാസ്‌ക് ധരിക്കാതെ പൂരപറമ്പിൽ പ്രവേശിക്കാൻ കഴിയില്ല. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. പൂരം പതിവുപോലെ നടത്താൻ സർക്കാർ അനുവദിക്കണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തൃശൂർ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം.