തൃശൂര്‍: ആളും ആരവങ്ങളുമുണ്ടാകും, പക്ഷെ കര്‍ശന നിയന്ത്രണത്തിലാകും ഇത്തവണ തൃശൂര്‍ പൂരം നടക്കുക. കോവിഡ് നിയന്ത്രണത്തില്‍ പൂരം നടത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 45 വയസ് കഴിഞ്ഞവര്‍ വാക്സിനേഷന് നിര്‍ബന്ധമായും സ്വീകരിക്കണം. അല്ലാത്ത പക്ഷം പ്രവേശനം നിഷേധിക്കും.
45 വയസില്‍ താഴെയുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആര്‍ടിപിസിആര്‍ പരിശോധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. വാക്സിന് നല്‍കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കര്‍ശന പൊലീസ് പരിശോധനയും ഉണ്ടാകും.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. തൃശൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂരം നടത്തിയാല്‍ താറുമാറാകും എന്നായിരുന്നു വിലയിരുത്തല്‍. പത്ത് ശതമാനം വരെ കോവിഡ് മരണം സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം, സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്സിന് കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്