/indian-express-malayalam/media/media_files/uploads/2019/05/thrissur-pooram1.jpg)
തൃശൂർ: ഈ വര്‍ഷത്തെ തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തോട് ഇടഞ്ഞ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോർഡുകൾ. കോവിഡ് മാനദണ്ഡങ്ങൾ മാറ്റിവച്ച് പൂരം മുൻ വർഷങ്ങളിലേതുപോലെ നടത്തണമെന്നാണ് സംഘാടകരുടെ ആവശ്യം. ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇരു ദേവസ്വങ്ങളും മുന്നറിയിപ്പ് നൽകി. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം.
പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെയും സര്‍ക്കാരിനെയും അറിയിക്കും.
Read More: സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തി
അതേസമയം, പൂരം നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് വീണ്ടും യോഗം ചേരും. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പൂരത്തിന്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്പേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ചടങ്ങുകള്‍ക്ക് മൂന്നു ആനകളെ എഴുന്നള്ളിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുടമാറ്റത്തിന് ഇരുവശത്തും അണിനിരക്കാൻ 15 ആനകള്‍ വീതം വേണമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്.
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് തൃശൂര്‍ പൂരത്തിനെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാറമേക്കാവ് ദേവസ്വം ബോർഡ് ഉന്നയിച്ച ചോദ്യം. ആളുകളെ വേണമെങ്കിൽ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.