സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെ തൃശൂർ പൂരം നടത്താനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ.
തൃശൂർ ജില്ലയിൽ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവർ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനിൽക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂർ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. കെ ജിശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ വേണു എന്നിവരടക്കമുള്ളവർ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.
“പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂർണ്ണമാക്കുന്നത്. എന്നാൽ ഇന്ന് അത്തരം ഒത്തുകൂടൽ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഓക്സിജനും മരുന്നുകൾക്കുപോലും ക്ഷാമം നേരിടാം,” പ്രസ്താവനയിൽ പറയുന്നു.
“നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലീസ് നിയന്ത്രണങ്ങൾക്ക് അത് വഴിതുറക്കുകയും ചെയ്യും.”
Read More: തൃശ്ശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനമായില്ല
“വലിയ പ്രതിസന്ധികൾ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സർക്കാരിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു, ” എന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാവും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക.