തൃശൂര്‍: വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു കൊടിയേറി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരം പൂര്‍ണമായും ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്തുകയായിരുന്നു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് പൂരത്തിനു കൊടിയേറ്റിയത്. തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍ 12 മണിക്കുമാണ് കൊടിയേറ്റം നടന്നത്. ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റം ഇല്ല.  അഞ്ചിൽ കൂടുതൽ ആളുകൾ കൊടിയേറ്റ ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് ജില്ലാ ഭരണകൂടവും പൊലീസും നിർദേശം നൽകിയിരുന്നത്. അധികാരികളുടെ നിർദേശമനുസരിച്ച് പൂർണമായി സാമൂഹിക അകലം പാലിച്ചാണ് കൊടിയേറ്റം നടന്നത്.

തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രത്തിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. എന്നാൽ ഇക്കുറി എട്ട് ഘടക ക്ഷേത്രങ്ങളിൽ കൊടിയേറ്റം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഭക്തര്‍ സഹകരിക്കണമെന്ന് ദേവസ്വം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

Read More: കോവിഡ്-19: മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ പൂരം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശം. ദേവസ്വവും ഇതിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. കൊടിയേറ്റം സാധാരണ പോലെ നടത്താനും ദേവസ്വം തീരുമാനിച്ചു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ചടങ്ങ് നടത്തുന്നതെന്നും ചടങ്ങില്‍ അഞ്ചു പേരില്‍ കൂടുതല്‍ പങ്കെടുപ്പിക്കില്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.

Read Also: അടിച്ചുമാറ്റിയ മുണ്ടും മടക്കിക്കുത്തി അനുശ്രീ; ഇത് ‘ഉൾട്ട’ സ്റ്റൈൽ

കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ഭഗവതി വടക്കുനാഥ ക്ഷേത്ര കൊക്കര്‍ണി പറമ്പില്‍ ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയിലും തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തില്‍ വൈകീട്ട് അഞ്ചിനും അഞ്ചരയ്ക്കുമിടയിലും ആറാടും. ആറാട്ടു ചടങ്ങുകള്‍ നടത്താനും കലക്ടര്‍ രേഖാമൂലം അനുമതി നല്‍കി.

ക്ഷേത്രത്തിനുള്ളിൽ അഞ്ച് പേര്‍ പങ്കെടുക്കുന്ന പൂജാകർമങ്ങൾ മാത്രം പൂരം നാളിൽ നടക്കും. ദേവസ്വം ഭാരവാഹികളും ജില്ലയിലെ മന്ത്രിമാരും പങ്കെടുത്ത സംയുക്തയോഗത്തിലാണ് പൂരം ഒഴിവാക്കാൻ തീരുമാനമെടുത്തത്. പൂരത്തോട് അനുബന്ധിച്ച് നടക്കാറുള്ള എക്‌സിബിഷൻ നേരത്തെ ഉപേക്ഷിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.