തൃശൂർ: നാടും നഗരവും പൂരലഹരിയിൽ മുങ്ങിയിരിക്കുകയാണ്. കൊടും ചൂടിനെ അവഗണിച്ച് പൂരമ്പറമ്പിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുകയാണ്. പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുലള 250 പേരടങ്ങുന്ന വാദ്യസംഘമാണ് മേളത്തിന്റെ നാദവിസ്മയം തീർക്കുന്നത്.

ഘടകപൂരങ്ങളെത്തിയതോടെയാണ് പുരപ്പറമ്പ് ഉണർന്നത്. ഗജവീരൻമാരെ സാക്ഷിയാക്കി വടക്കുന്നാഥ സന്നിധിയിൽ ഘടകപൂരങ്ങൾ മേളം തീർത്തു. ആദ്യം കണിമംഗലം ശാസ്താവാണെത്തിയത്. പിന്നാലെ പനംമുക്കുംപള്ളി ശാസ്താവെത്തി. പിന്നീട് ചെമ്പൂക്കാവ് ഭഗതിയിൽ തുടങ്ങി കാരമുക്ക് ഭാഗവതിയും ലാലൂർ കാർത്ത്യായനിയും ചൂരക്കോട്ടുകാവിലമ്മയും അയ്യന്തോൾ കാർത്ത്യായനിയും നെയ്തലക്കാവിലമ്മയും പൂരമ്പറിലെത്തിയതോടെ ആരവങ്ങൾ ഉയർന്നു.

thrissur, thrissur pooram

വൈകിട്ട് 5.30നു തെക്കേ ഗോപുരനടയിലാണ് പ്രസിദ്ധമായ കുടമാറ്റം. ഗജവീരന്മാരും ആലവട്ടവും വെഞ്ചാമരവും കുടമാറ്റത്തിന് പകിട്ടേകും. പുലർച്ചെ മൂന്നിന് പൂരം വെടിക്കെട്ട്. രണ്ടു മണിക്കൂറോളം വെടിക്കെട്ട് നീണ്ടുനിൽക്കും.

thrissur, thrissur pooram

തൃശൂർ പൂരത്തിന്റെ ശബ്ദ വിസ്മയം ലോകത്തിന് കേൾപ്പിച്ച് കൊടുക്കാൻ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും പൂരപ്പറമ്പിലെത്തിയിട്ടുണ്ട്. പൂരത്തിന്റെ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായാണ് റസൂലും സംഘവും എത്തിയിരിക്കുന്നത്. പൂരത്തിന്റെ എൻസൈക്ളോപീഡിയ എന്ന തരത്തിലെ ഡോക്യുമെന്ററി തയാറാക്കുകയാണ് ലക്ഷ്യം.
thrissur, thrissur pooram

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ