തൃശൂർ: മഴമൂലം ഇന്ന് വൈകുന്നേരത്തേക്ക് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴ തുടരുമെന്ന നിഗമനത്തിലാണ് വെടിക്കെട്ട് മാറ്റിയത്. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം.
ഇന്നലെ തൃശൂരിൽ കനത്ത മഴ പെയ്തിരുന്നു. കുടമാറ്റത്തിന്റെ സമയത്തടക്കം ശക്തമായ മഴയാണ് പെയ്തത്. മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ പുലർച്ചെ മൂന്നു മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് സമയത്ത് പെയ്ത വലിയ മഴ തടസം സൃഷ്ടിച്ചു. തുടർന്നാണ് ഇന്ന് വൈകുന്നേരത്തേക്ക് മാറ്റിയത്.
ഇത്തവണ തൃശൂർ പൂരത്തിൽ വൻ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരമെത്തിയത്.
Read More: കേരളത്തിൽ പലയിടത്തും ശക്തമായ മഴ; അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും