തൃശൂർ: മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടക്കും. വൈകിട്ട് 6.30ന് വെടിക്കെട്ട് നടത്താനുള്ള ദേവസ്വങ്ങളുടെ സംയുക്ത തീരുമാനത്തിന് ജില്ലാ ഭരണകൂടം ഇന്നലെ അനുമതി നൽകിയിരുന്നു. പൂരം നാളിൽ പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മഴമൂലം മാറ്റിവയ്ക്കുകയായിരുന്നു.
മേയ് 11ന് വൈകുന്നേരം നടത്താൻ ആദ്യം തീരുമാനമായെങ്കിലും മഴമൂലം അത് ഉപേക്ഷിച്ചു. തുടർന്ന് ഇന്നലെ യോഗം ചേർന്ന് ഇന്ന് നടത്താൻ തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് വെടിക്കെട്ട് നീട്ടികൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചത്.
ഇത്തവണ തൃശൂർ പൂരത്തിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരമെത്തിയത്. എന്നാൽ പൂരം വെടിക്കെട്ട് കാണാതെ മടങ്ങേണ്ടി വന്നതിൽ പലരും നിരാശ പ്രകടിപ്പിച്ചിരുന്നു.
Also Read: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്