തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് പൂർത്തിയായി. രണ്ടു മണിയോടെയാണു വെടിക്കെട്ട് ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒന്നോടെ വെടിക്കെട്ട് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, മഴ പെയ്തതോടെ വെടിക്കെട്ട് ആരംഭിക്കുന്നതു നീളുകയായിരുന്നു.
കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുക പ്രയാസകരമാണെന്ന് മന്ത്രി പറഞ്ഞു.
വൈകുന്നേരം മഴയുടെ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഉച്ചയ്ക്ക് തന്നെ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ സ്വരാജ് റൗണ്ടില്‍ ഉൾപ്പെടെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
4000 കിലോഗ്രാം വെടിമരുന്നാണു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ കൂടി സൂക്ഷിച്ചിരുന്നത്. മഴയെ തുടർന്ന് നേരത്തെ രണ്ടു തവണ വെടിക്കെട്ട് മാറ്റിവച്ചിരുന്നു. തൃശൂർ പൂരത്തിന്റെ അന്ന് കുടമാറ്റത്തിന്റെ സമയത്തടക്കം ശക്തമായ മഴയാണ് പെയ്തത്.

മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ പിറ്റേന്ന് പുലർച്ചെ മൂന്നു മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് സമയത്ത് പെയ്ത വലിയ മഴ തടസം സൃഷ്ടിച്ചു. തുടർന്നാണ് വെടിക്കെട്ട് മാറ്റിയത്.
Read More: സംസ്ഥാനത്ത് ഇന്നും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്