തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്കൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറി. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലാണ് കൊടിയേറ്റം നടന്നത്. ക്ഷേത്ര ഭാരവാഹികളും ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളും ചേർന്നാണ് കൊടിയേറ്റം നടത്തിയത്. ഭൂമി പൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ 11.30 നാണ് കൊടിയേറ്റ ചടങ്ങുകൾ ആരംഭിച്ചത്. തിരുവമ്പാടിയ്‌ക്ക് ശേഷമാണ് പാറമേക്കാവിലെ കൊടിയേറ്റ ചടങ്ങുകൾ.

പരമ്പരാഗത രീതിയിൽ വെടിക്കെട്ടിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് പാറമേക്കാവ് ദേവസ്വം കൊടിയേറ്റം ചടങ്ങ് മാത്രമാക്കി. കൊടിയേറ്റത്തിന് ശേഷം വെടിക്കെട്ട് ഉണ്ടായില്ല.

കൊടിയേറ്റ ദിവസത്തെ വെടിക്കെട്ടിന് ഗുണ്ട്, കുഴിമിന്നൽ, അമിട്ട്, ഡൈന എന്നിവ ഉപയോഗിക്കരുതെന്നാണ് കലക്‌ടറുടെ നിർദേശം. എന്നാൽ ഓലപ്പടക്കങ്ങളും ശിവകാശി വെടിക്കോപ്പുകളും ഉപയോഗിക്കാനുളള അനുമതിയുണ്ട്. മറ്റ് വെടിക്കെട്ടുകൾക്കുളള അനുമതി വരാനിരിക്കുന്നതേയുളളൂ. മേയ് അഞ്ചിനാണ് തൃശൂർ പൂരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ