തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൂരത്തിന് മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഈ വർഷം പൂരം പൂർവാധികം ഭംഗിയായും പ്രൗഢിയോടെയും നടത്തുമെന്നും മന്ത്രി അറിയിച്ചു.
പൂരം നടത്തിപ്പ് സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രമാവധി തർക്കങ്ങൾ ഒഴിവാക്കി പൂരം ഭംഗിയായി നടത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് മന്ത്രി അറിയിച്ചു.
മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു എന്നിവരും ജനപ്രതിനിധികൾ ,ദേവസ്വം ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയതായി യോഗത്തിൽ സർക്കാർ വിലയിരുത്തി.
മെയ് 10നാണ് തൃശൂർ പൂരം. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.