/indian-express-malayalam/media/media_files/uploads/2019/07/ac-moideen.jpg)
തൃശൂർ: തൃശൂർ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് ആർഎസ്എസ്-ബജ്‌റംഗ്‌ദൾ പ്രവർത്തകരെന്ന് മന്ത്രി എ.സി.മൊയ്‌തീൻ. കുന്നംകുളം നിയോജകമണ്ഡലത്തിലെ എംഎൽഎ കൂടിയാണ് എ.സി.മൊയ്‌തീൻ.
സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ആർഎസ്എസ് ബജ്റംഗ്ദൾ പ്രവർത്തകർ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയെന്ന് മൊയ്‌തീൻ ആരോപിച്ചു. കൂടെയുള്ള മൂന്ന് സിപിഎം പ്രവർത്തകർക്കും അക്രമത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പുതുശേരി പ്രദേശത്ത് കക്ഷിരാഷ്ട്രീയതിനതീതമായി എപ്പോഴും ജനങ്ങൾക്കിടയിലുണ്ടായിരുന്ന സഖാവാണ് കൊല്ലപ്പെട്ട സനൂപ് എന്ന് മന്ത്രി പറഞ്ഞു. ഡിവെെഎഫ്‌ഐയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകാനുള്ള പ്രവർത്തനത്തിലായിരുന്നു സനൂപ് എന്നും മന്ത്രി ഓർമിച്ചു.
രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ആർഎസ്എസ്/ബിജെപി-കോൺഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തിൽ സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തുന്നതെന്ന് മന്ത്രി വിമർശിച്ചു. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ആർഎസ്എസ്/ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവയ്‌ക്കാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
Read Also: വെഞ്ഞാറമൂട് കൊലപാതകം: സിപിഎമ്മിന് പിരിവെടുക്കാൻ കിട്ടിയ മറ്റൊരവസരമെന്ന് മുല്ലപ്പള്ളി
സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയായ പേരാലില്‍ സനൂപ്(26) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മൂന്ന് സിപിഎം പ്രവർത്തകർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം.
സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവമറിഞ്ഞെത്തിയവരാാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളുടേതെന്ന് കരുതുന്ന കാർ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നിൽ ബജ്‌റംഗ്‌ദൾ പ്രവർത്തകരാണെന്ന് സിപിഎമ്മും ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.