തൃശൂർ: പാവറട്ടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വിനായകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. പൊലീസ് മർദനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ വിനായകനെയും സുഹൃത്തിനെയും പാവറട്ടിയിൽവച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഒരു പെൺകുട്ടിയോട് സംസാരിക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലായി ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഭവം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പരിശോധനയ്ക്ക് മഫ്തിയിലെത്തിയ പൊലീസാണ് വിനായകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.

പൊലീസ് സ്റ്റേഷനിൽ എത്തിച്ച രണ്ടുപേരെയും ക്രൂരമായി മർദിച്ച ശേഷമാണ് വിട്ടയച്ചതെന്നും ഇതിൽ മനംനൊന്താണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ