scorecardresearch

Latest News

മഴവില്ലഴക്; അപൂര്‍വ ഇനം ഷീല്‍ഡ് ടെയില്‍ പാമ്പിനെ കണ്ടെത്തി

വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫറായ മൃദുല മുരളിയാണ് മൂന്നാറിൽനിന്ന് പാമ്പിന്റെ ചിത്രം പകർത്തിയത്

Shield Tail Snakes, ഷീല്‍ഡ് ടെയില്‍ പാമ്പുകള്‍, New Shield Tail Snake Found, Wild Life Photography, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി, Mridula Murali Photographer, മൃദുല മുരളി, Photography, Snake Photography, Shield Tail Snakes kerala, Shield Tail Snakes Munnar, Shield Tail Snakes study, Shield Tail Snakes research, Dr Vivek Philip Syriac, Dr Vivek Philip Syriac Shield Tail snakes, indian express malayalm, ie malayalam, ഐഇ മലയാളം
ഫൊട്ടോ: മൃദുല മുരളി

മൂന്നാര്‍: ഇരുവശങ്ങളിലും വ്യത്യസ്തമായ നിറങ്ങള്‍. മഴവില്ലിനോട് സമാനതയുള്ള പാറ്റേണ്‍. അഴികിനാല്‍ സമ്പന്നമായ അപൂര്‍വ ഇനം ഷീല്‍ഡ് ടെയിൽ പാമ്പിനെ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ മൃദുല മുരളി.

വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫർമാരായ മൃദുലയും ഭര്‍ത്താവ് മുരളി മോഹനും മൂന്നാറില്‍നിന്നു പോത്തന്മേടിലേക്കുള്ള വഴിയിൽ ഒരിടത്താണ് ഷീൽഡ് ടെയിൽ ഇനത്തിലുള്ള പാമ്പിനെ കണ്ടത്. വ്യാഴാഴ്ച രാത്രിയാണ് ചിത്രമെടുത്തത്. മാക്രോ ഫൊട്ടാഗ്രാഫിയിൽ സ്പെഷലൈസ് ചെയ്തിരിക്കുന്ന മൃദുല, തവളകൾ ഉൾപ്പെടെയുള്ള ചെറു ജീവികളെ തേടിയാണ് ഭർത്താവിനൊപ്പം മൂന്നാറിലെത്തിയത്.

“തവളകളുടെ ഫൊട്ടൊ എടുത്തുകൊണ്ടിരിക്കെ തൊട്ടടുത്ത് ഒരനക്കം ശ്രദ്ധയിൽപ്പെട്ടു. ഇവിടെയുണ്ടായിരുന്ന പാറക്കല്ലുകൾക്കിടയിലായിരുന്നു പാമ്പ്. സാധാരണ കണ്ടുവരുന്ന ഷീല്‍ഡ് ടെയില്‍ വിഭാഗത്തില്‍നിന്ന് ഏറെ വ്യത്യസ്തയുണ്ട് ഇതിന്,” മുരളി മോഹന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ഇരുവര്‍ക്കുമൊപ്പം വൈല്‍ഡ് ലൈഫ് ഗൈഡുകളായ ഹാര്‍ഡ്‌ലി, അദ്ദേഹത്തിന്റെ ഭാര്യ, മൂന്നാറിലെ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി എന്നിവരുമുണ്ടായിരുന്നു. “ഞങ്ങളാരും ഇത്തരത്തിലുള്ള പാമ്പിനെ ഇതുവരെ കണ്ടിട്ടില്ല. ഷീല്‍ഡ് ടെയിലുകള്‍ സാധാരണ ഗതിയില്‍ മണ്ണിനടിയിലാണ് കഴിയാറ്. മണ്ണിരയും മറ്റുമൊക്കെ ഭക്ഷിക്കുന്ന ഇവ വിഷമുള്ളവയല്ല,” മുരളി കൂട്ടിച്ചേര്‍ത്തു.

യൂറോപെൽറ്റിഡാർ കുടുംബത്തിൽപ്പെട്ട ഇത്തരം പാമ്പുകൾ ഇന്ത്യയിലും ശ്രീലങ്കയിലുമായി ഏഴ് ജനുസുകളിലായി 60 വർഗമുണ്ട്. ഇന്ത്യയിൽ നാലിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിൽ സ്ഥിരീകരിച്ചു. പശ്ചിമഘട്ടത്തിലാണ് കൂടുതലായും കാണപ്പെടുന്നത്. ഇവയുടെ ചര്‍മം വളരെ മിനുസമുള്ളതും തിളക്കമാര്‍ന്നതുമാണ്. വാലിന്റെ അറ്റത്ത് കവചം പോലെയുള്ള ആകൃതിയാണ്.

മൂന്നാറിൽ കണ്ടെത്തിയ പാമ്പിനെ നിലവിൽ മെലനോഫിഡിയം (Melanophidium) വർഗത്തിലാണ് പെടുത്തിയിരിക്കുന്നതെന്ന് ഷീൽഡ് ടെയിൽ പാമ്പുകളെക്കുറിച്ച് പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ. വിവേക് ഫിലിപ്പ് സിറിയക് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

”ഈ ഭാഗത്ത് പുതിയ വർഗത്തിനുള്ള സാധ്യതയുണ്ട്. ഇത്തരം പാമ്പുകളുടെ ഡിഎൻഎ നിർണയവും മോളിക്യൂലാർ അനാലിസിസും നടന്നുകൊണ്ടിരിക്കുകയാണ്,” ഡോ. വിവേക് ഫിലിപ് സിറിയക് പറഞ്ഞു.

”മൺസൂൺ കാലങ്ങളിൽ അതിരാവിലെയും രാത്രിയുമാണ് ഷീല്‍ഡ് ടെയിൽ പാമ്പുകളെ കാണാൻ കഴിയുന്നത്. മണ്ണിനിടയിൽ കഴിയുന്ന ഇവ മാളങ്ങളിൽ വെള്ളം നിറയുമ്പോഴാണ് പുറത്തെത്തുന്നത്. വിഷമില്ലാത്ത ഈ പാമ്പുകളുടെ 95 ശതമാനം ഭക്ഷണവും മണ്ണിരകളാണ്. പാമ്പിന്റെ മഴവിൽ നിറം പിഗ്മെന്റുകളല്ല. ശൽക്കങ്ങളിലെ മൈക്രോ സ്കോപിക് സ്ട്രക്ചറുകളിൽ പ്രകാശമടിക്കുമ്പോഴാണ് മഴവിൽ നിറങ്ങളിൽ തിളങ്ങുന്നത്,” ഡോ. വിവേക് ഫിലിപ്പ് സിറിയക് പറഞ്ഞു.

1863 ലാണ് ഷീൽഡ് ടെയിൽ പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. വയനാട് മുതല്‍ കര്‍ണാടകയിലെ അകുമ്പ വരെയുള്ള പ്രദേശത്താണ് അന്ന് കാണപ്പെട്ടത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ അളഗപ്പ നഗർ ശാഖയിലെ ഉദ്യോഗസ്ഥയാണ് മൃദുല. മുരളി മോഹന്‍ തൃശൂരിൽ ക്യാമറ-കംപ്യൂട്ടർ ഷോപ്പ് നടത്തുകയാണ്.

Also Read: കയറില്‍ തൂങ്ങിയൊരു രക്ഷാപ്രർത്തനം, ദേഹത്ത് ചുറ്റി പാമ്പ്; തലയില്‍ കൈവച്ച് സോഷ്യല്‍ മീഡിയ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thrissur native wild life photographers found new shield tail snake

Best of Express