തൃശൂർ: നാട്ടുകാർ നോക്കിനിൽക്കേ ഭർത്താവ് ഭാര്യയെ തീ കൊളുത്തിയ സംഭവത്തിൽ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പഞ്ചായത്തംഗം ഗീത സുകുമാരൻ. സംഭവം നടക്കുന്ന സമയത്ത് പുതുക്കാട് പഞ്ചായത്തംഗമായ ഗീത അവിടെ ഉണ്ടായിരുന്നു. ജീത്തു പുറത്തേക്കിറങ്ങിയ ഉടനെയായിരുന്നു വിരാജ് പെട്രോൾ ഒഴിച്ചത്. ജീത്തു ഓടിയപ്പോൾ വിരാജ് പുറകേ ഓടിയെന്നും ഗീത പറഞ്ഞു.

ജീത്തു ജീവനോടെ കത്തുന്നത് കണ്ട് ഒരു സ്ത്രീ കുഴഞ്ഞു വീണു. ഇവരെ താങ്ങിപിടിച്ചത് ഞാനായിരുന്നു. അതിനാൽ ജീത്തുവിനെ ഓട്ടോയിൽ കയറ്റാൻ സഹായിക്കാനായില്ലെന്നും ഗീത പറഞ്ഞു.

തൃശൂർ വെളളിക്കുളങ്ങരയിൽ സ്ത്രീകളടക്കം നിരവധി നോക്കിനിൽക്കെയാണ് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നത്. വെളളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭർത്താവുമായി ഏറെ നാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ജീത്തു. കുടുംബശ്രീയിൽനിന്നും ജീത്തു ഒരു വായ്‌പയെടുത്തിരുന്നു. ഇതു തിരിച്ചടയ്ക്കാനായാണ് ഞായറാഴ്ച ജീത്തു പിതാവിനൊപ്പം വെളളിക്കുളങ്ങരയിൽ എത്തിയത്. ജീത്തു കുടുംബശ്രീയ്ക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ ഭർത്താവ് കൊല്ലാൻ പദ്ധതിയിട്ട് പുറത്തു കാത്തു നിൽക്കുകയായിരുന്നു.

കുടുംബശ്രീ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ജീത്തുവിന്റെ ദേഹത്ത് വിരാജ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ഇയാൾ പെട്രോൾ ഒഴിച്ചതും തീ കൊളുത്തിയതും. നാട്ടുകാർക്ക് ഒന്നു ചെയ്യാൻ കഴിയും മുൻപേ തീ ആളി പടർന്നു. ജീത്തുവിന്റെ അച്ഛനും നോക്കി നിൽക്കാനേ കഴിഞ്ഞുളളൂ.

ഗുരുതരമായി പൊളളലേറ്റ ജീത്തുവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞു. ജീത്തുവിനെ തീ കൊളുത്തിയ ശേഷം ഭർത്താവ് വിരാജ് സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയായിരുന്നു. ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ