തൃശൂര്‍: ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകം എസ്‌ഡി‌പി‌ഐയുടെ നേതൃത്വത്തില്‍ തീര്‍ത്തും ആസൂത്രിതമാണെന്ന് ബോധ്യമായിരിക്കുകയാണെന്ന് തൃശൂര്‍ എംപി ടി.എന്‍.പ്രതാപന്‍. പരിശീലനം ലഭിച്ച പ്രൊഫഷണല്‍ കൊലയാളികളാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും എംപി പറഞ്ഞു. എസ്‌ഡി‌പി‌ഐക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി പ്രതികരിക്കുന്നില്ല എന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്‌ഡി‌പി‌ഐയെ പൂര്‍ണമായും തള്ളി തൃശൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍.പ്രതാപന്‍ എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ നീണ്ട ഗൂഢാലോചനയ്ക്കും ആസൂത്രണങ്ങള്‍ക്കും ശേഷമാണ് കൊല നടത്തിയിട്ടുള്ളത്. എസ്‌ഡി‌പി‌ഐക്ക് കൊലയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും പ്രതാപന്‍ പറയുന്നു.

Read Also: ‘കൊന്നത് എസ്‌ഡിപിഐക്കാരാണെന്ന് ഉറക്കെ പറയണം’; മുല്ലപ്പള്ളിക്കെതിരെ കെ‌എസ്‌യു പ്രസിഡന്റ്

കേരള പൊലീസിലെ കുറ്റാന്വേഷണ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സീനിയർ ഐ‌പി‌എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അടിയന്തരമായി സ്‌പെഷ്യൽ ടീമിനെ നിയമിക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ ജില്ലക്ക് പുറത്തുള്ള എസ്‌ഡി‌പി‌ഐ കില്ലേഴ്‌സ് ഗ്രൂപ് ഇതിന്റെ പുറകിലുണ്ടെന്ന് ബലമായി സംശയിക്കുന്നതിനാൽ അന്വേഷണത്തിന്റെ വ്യാപ്തി വർധിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളതായും ടി.എൻ.പ്രതാപൻ എംപി പറഞ്ഞു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കഴിഞ്ഞ ദിവസം കെ‌എസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് വിവാദമായിരുന്നു.  നൗഷാദിനെ അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് വര്‍ഗീയ സംഘടനയായ എസ്‌ഡിപിഐ സംഘടനയില്‍ പെട്ടവരാണെന്ന് ഉറക്കെ പറയണമെന്ന് കെ‌എസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുകയായിരുന്നു.

വെട്ടുകൊണ്ടവര്‍ എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. നൗഷാദ് പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിയായതാണ്. ഇതില്‍ പ്രതികരിക്കണം. ശക്തമായി പ്രതിഷേധിക്കണം. അത് പ്രവര്‍ത്തകരുടെ വികാരമാണ്. കൊന്നത് എസ്‌ഡിപിഐക്കാര്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഉറക്കെ പറയണം. പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഇക്കാര്യം പറയുന്നതെന്നും ഹാരിസ് മുതൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Read Also: വാർത്തയിൽ വരാൻവേണ്ടിയാകും അനിൽ അക്കര ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതെന്ന് ഗുരുവായൂർ എംഎൽഎ

കോൺഗ്രസ് എംഎൽഎ അനിൽ അക്കര നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനില്‍ അക്കര ആവശ്യപ്പെടുകയായിരുന്നു. സിപിഎമ്മിന്റെ അറിവില്ലാതെയും പങ്കില്ലാതെയും നൗഷാദിനെ ആര്‍ക്കും കൊല്ലാന്‍ സാധിക്കില്ല എന്നാണ് അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.