തൃശൂര്‍: കുണ്ടന്നൂര്‍ തെക്കേക്കരയിലെ ഉഗ്രസ്ഫോടനം നടന്ന വെടിക്കെട്ടുപുര പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്നു കണ്ടെത്തല്‍. താത്കാലികമായി കെട്ടിയുണ്ടാക്കിയ വെടിക്കെട്ടുപുരയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ യമുനാദേവി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
വെടിക്കെട്ട് പുരയുടെ ലൈസന്‍സി ശ്രീനിവാസന്റെ ലൈസന്‍സ് റദ്ദാക്കിയതായും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കലക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി ഇന്നു രാവിലെ മരിച്ചിരുന്നു. കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് അഞ്ചിനും അഞ്ചേകാലിനും ഇടയ്ക്കായിരുന്നു സ്ഫോടനം. പരുക്കേറ്റ മണികണ്ഠന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുണ്ടന്നൂര്‍ പാടത്തിനു സമീപമുള്ള വിജനമായ പറമ്പില്‍ സ്ഥിതിചെയ്തിരുന്ന വെടിക്കെട്ടു നിര്‍മാണ ശാലയിലാണു സ്ഫോടനമുണ്ടായത്. ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ പ്രകമ്പനം കൊള്ളിക്കുന്ന രണ്ട് സ്‌ഫോടനങ്ങളാണുണ്ടായത്. ഭൂചലനമാണെന്ന് ആദ്യം പലരും കരുതി. ശിവകാശിയില്‍നിന്നുള്ള അനേകം തൊഴിലാളികളുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പ് അവരെല്ലാം കുളിക്കാന്‍ പോയിരുന്നു. മണികണ്ഠനും അവരുടെകൂടെ പോയിരുന്നെങ്കിലും സോപ്പ് എടുക്കാന്‍ മറന്ന് തിരിച്ചു വരുകയായിരുന്നുവെന്ന് പറയുന്നു.
അമിട്ടില്‍ നിറയ്ക്കുന്ന വെടിമരുന്നു ഗുളികകള്‍ ഉണക്കാനിട്ടിരുന്നു. ഇതില്‍നിന്ന് തീപിടിച്ചതാണ് അപകടകാരണമെന്നു സംശയിക്കുന്നു. സ്‌ഫോടനത്തിന്റെ ശബ്ദത്തില്‍ നാട് പ്രകമ്പനം കൊണ്ടു. അഞ്ചു കിലോമീറ്റര്‍ അകലെ വരെ ശബ്ദം കേട്ടു. സമീപത്തെ വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നാട്ടുകാര്‍ പരിഭ്രാന്തരായി.
ജില്ലയിലെ പ്രധാന വെടിക്കെട്ട് കരാറുകാരനായ കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ സ്ഥലത്താണ് പടക്കനിര്‍മാണശാല. എന്നാല്‍, കുണ്ടന്നൂരിലെ ശ്രീനിവാസന്റെ പേരിലാണ് ലൈസന്‍സ്. സമീപത്തെ പൂരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമുള്ള വെടിക്കോപ്പുകളാണ് ഇവിടെ നിര്‍മിച്ചിരുന്നത്.